Connect with us

Gulf

പ്രവാസികള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കാന്‍ സര്‍ക്കാറുകള്‍ സന്നദ്ധമാകണം: കാന്തപുരം

Published

|

Last Updated

മസ്‌കത്ത്: രാജ്യത്തെ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും പ്രവാസികളായി എന്ന കാരണത്താല്‍ നിഷേധിക്കപ്പെടുന്നത് സാമൂഹിക നീതിയുടെ ലംഘനമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ഐ സി എഫ് രാജ്യാന്തര മീലാദ് സമ്മേളനത്തില്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
താത്കാലികായി ജോലി, കച്ചവട ആവശ്യാര്‍ഥം മാത്രം ഇതര ഗള്‍ഫ് നാടുകളില്‍ വന്നു താമസിക്കുന്നവരെ വിദേശ ഇന്ത്യക്കാര്‍ എന്നു വിലയിരുത്തി പൗരാവകാശങ്ങളില്‍ നിന്നു മാറ്റി നിര്‍ത്താനാകില്ല. പ്രവാസി ഇന്ത്യക്കാരുടെ ജീവിതാവസ്ഥകളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ശ്രദ്ധ പതിപ്പിക്കണം. വിദ്യാഭ്യാസം, തൊഴില്‍, സംസ്‌കാരികം, സാമൂഹിക സുരക്ഷിതത്വം പോലുള്ള രംഗങ്ങളില്‍ പ്രവാസികള്‍ക്ക് സഹായം ആവശ്യമുണ്ട്. ലക്ഷക്കണക്കിനു ഇന്ത്യക്കാര്‍ ഗള്‍ഫ് നാടുകളില്‍ മാത്രം പഠനം നടത്തുന്നു. എന്നാല്‍, പ്രാവാസി കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തില്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ശ്രദ്ധ പതിപ്പിക്കുന്നതായി വിവരമില്ല. സാംസ്‌കാരിക രംഗത്തും സാമൂഹിക രംഗത്തും ഈ പ്രതിസന്ധികളുണ്ട്.
അധസ്ഥിത ജനവിഭാഗങ്ങളുടെയും ശബ്ദമില്ലാത്തവരുടെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോഴേ ഭരണനീതിയും സുതാര്യതയും കൈവരികയുള്ളൂ. പ്രവാചക ജീവിതം സാമൂഹിക നീതിയാണ് പഠിപ്പിക്കുന്നത്. വോട്ടവാകാശം മുതല്‍ പാചകവാതക സബ്‌സിഡി വരെ നിഷേധിക്കുന്ന സമീപനങ്ങളിലൂടെ രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. ലക്ഷക്കണക്കിനു ജനങ്ങള്‍ വിദേശത്തു വന്ന് ജോലി ചെയ്യുന്നതു വഴി രാജ്യം അനുഭവിക്കുന്ന പുരോഗതി തള്ളിക്കളയാനാകില്ല. മാനവകുലത്തിനാകെ നീതിയും സാഹോദര്യവും വിളംബരം ചെയ്യുകയായിരുന്നു പ്രവാചകര്‍. മാനവീകതയാണ് തിരുനബിയുടെ പ്രബോധനം. മനുഷ്യ നന്മ മുന്നോട്ടുവെക്കുന്ന ഈ സംസ്‌കാരം എല്ലാവരും ഉള്‍കൊള്ളണമെന്നും അദ്ദേഹം ഉണര്‍ത്തി.
സമ്മേളനം ശൈഖ് ഇബ്രാഹിം ഈജിപ്ത് ഉദ്ഘാടനം ചെയ്തു. എന്‍ എല്‍ എ ഹലീം (ശ്രീലങ്ക), ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഹസന്‍ സഖാഫി തറയിട്ടാല്‍, നിസാര്‍ സഖാഫി, ഇസ്ഹാഖ് മട്ടന്നൂര്‍, അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദിയുടെ പ്രാര്‍ഥനയോടെയാണ് ആരംഭിച്ചത്. റാശി ശെല്ലാന്‍ സംഘം സുഡാന്‍, ഉമര്‍ അല്‍ ബുറൈഖി സംഘം സൊഹാര്‍, ദഅവത്തെ ഇസ്‌ലാം സംഘം മസ്‌കത്ത് അവതരിപ്പിച്ച പ്രകീര്‍ത്ത കാവ്യാലാപനങ്ങള്‍ നടന്നു. വിവിധ മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

Latest