റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കൂട്ടി; വായ്പാ പലിശ നിരക്ക് ഉയരും

Posted on: January 28, 2014 3:41 pm | Last updated: January 29, 2014 at 7:30 am

rbi-bank3മുംബൈ: റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച് എട്ടു ശതമാനമാക്കി. റിപ്പോ നിരക്കിലെ വര്‍ധനവ് ഭവന, വാഹന വായ്പകളുടെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ കാരണമാകും. വാണിജ്യ ബാങ്കുകള്‍ അധിക ധനം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്കും കാല്‍ ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ റിവേഴ്‌സ് റിപ്പോ നിരക്ക് എഴു ശതമാനമാകും. അതേസമയം, കരുതല്‍ ധനാനുപാത നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല.

പണപ്പെരുപ്പം അഞ്ചാഴ്‌ത്തെ താഴ്ന്ന നിലയിലെത്തിയതിനെത്തുടര്‍ന്ന് നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി. പലിശ നിരക്കുകള്‍ ഇനിയും വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.

റിസര്‍വ് ബാങ്ക് വായ്പാനയ പ്രഖ്യാപനത്തിനു മുന്‍പ് ഉയര്‍ന്നു നിന്നിരുന്ന ഓഹരി സൂചികകള്‍ പ്രഖ്യാപനത്തിനു ശേഷം താഴേക്കു പോയി. സെന്‍സെക്‌സ് 40 പോയിന്റും നിഫ്റ്റി 15 പോയിന്റും ഇടിഞ്ഞാണ് വ്യാപാരം തുടരുന്നത്.