ഗുരുവായൂര്‍ അയിത്താചരണം: കര്‍ശന നടപടിയെടുക്കണമെന്ന് ഹിന്ദു ഐക്യവേദി

Posted on: January 28, 2014 10:06 am | Last updated: January 28, 2014 at 10:06 am

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ അയിത്താചരണ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ദേവസ്വം തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗുരുവായൂരിലെ സംഭവം ഹിന്ദുസമൂഹത്തിന് അപമാനകരമാണെന്നും കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദേവസ്വത്തിന്റെ ജുഡീഷ്യല്‍ അന്വേഷണമെന്നും ബാബു ആരോപിച്ചു. ക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരെ ഫെബ്രുവരി ഏഴിന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടനാ നേതാക്കളും സന്ന്യാസിമാരും ക്ഷേത്രപരിസരത്ത് ഉപവസിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കല്ലൂര്‍ ബാബു താഴ്ന്ന ജാതിക്കാരനാണെന്ന പരാതി ഉന്നയിച്ചത് സി പി എം കാരനായ ക്ഷേത്ര ജീവനക്കാരന്‍ കണ്ണന്‍ എന്നയാളാണെ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ സി പി എം തയ്യാറാവുകയാണ് വേണ്ടത്.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതു പോലെ ജാതിവികാരം ഇളക്കിവിടാനാണ് സി പി എമ്മിന്റെ ശ്രമം- ബാബു കുറ്റപ്പെടുത്തി. പട്ടികജാതി വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്ന രംഗനാഥമിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് വാദിക്കുന്നവര്‍ പട്ടികജാതി ക്ഷേമസമിതിയെ ഉപയോഗിച്ച് ഗുരുവായൂരില്‍ കപട നാടകം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഉപവാസ സമരം.ര വാര്‍ത്താസമ്മേളത്തില്‍ ബാലന്‍ പണിക്കശേരി, പി സുധാകരന്‍, പ്രസാദ് കാക്കശേരി, വി ബാബു, വിനോദ് പങ്കെടുത്തു.