കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആക്ഷന്‍ കമ്മിറ്റി

Posted on: January 28, 2014 8:41 am | Last updated: January 28, 2014 at 8:41 am

പേരാമ്പ്ര: 1971ലെ നിക്ഷ്പിത വനഭൂമി പിടിച്ചെടുക്കല്‍ ഓര്‍ഡിനന്‍സിന്റെ മറവില്‍ കൂരാച്ചുണ്ട് – കാന്തലാട് – ചക്കിട്ടപാറ വില്ലേജുകളിലെ 200ഓളം കര്‍ഷകരുടെ കൃഷിഭൂമി പിടിച്ചെടുക്കാനുള്ള വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഗൂഢാലോചനക്കെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെയുള്ള കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
2005ല്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2001ല്‍ കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഏകപക്ഷീയമായി ഇറക്കിയ നോട്ടിഫിക്കേഷന്റെ പിന്‍ബലത്തില്‍ യാതൊരു സര്‍വേ നടപടികളും നടത്താതെയും കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാതെയുമാണ് നടപടികള്‍ സ്വീകരിച്ചതെന്നും പിന്നീട് പ്രസ്തുത ഭൂമിക്ക് നികുതി നിഷേധിക്കുകയുമായിരുന്നുവെന്നും സമരസമിതി ആരോപിച്ചു.
വനഭൂമിയെന്ന പേരില്‍ ജണ്ട കെട്ടാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അധികൃതര്‍ കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഒ ഡി തോമസ് പറഞ്ഞു.