നാലാം ഏകദിനം ഇന്ന്‌

Posted on: January 28, 2014 5:19 am | Last updated: January 28, 2014 at 8:21 am

New-Zealand-Vs-India-Logoഹാമില്‍ട്ടണ്‍: ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന്. ആദ്യ രണ്ട് കളിയും ജയിച്ച് മുന്നിട്ട് നില്‍ക്കുന്ന കിവീസിന് ജയത്തോടെ പരമ്പര സ്വന്തമാക്കാനാകും. അതേ സമയം, പരമ്പര സമനിലയാക്കുക എന്ന അവസാന സാധ്യത മാത്രം മുന്നിലുള്ള ഇന്ത്യക്ക് ജയം അനിവാര്യം. മൂന്നാം ഏകദിനത്തില്‍ ആവേശകരമായ സമനില നേടിയെടുത്ത ടീം ഇന്ത്യക്ക് ആത്മവിശ്വാസം കൈവന്നിട്ടുണ്ട്.
നേപ്പിയറില്‍ 24 റണ്‍സിനും ഹാമില്‍ട്ടണില്‍ 15 റണ്‍സിനും നേരിയ തോല്‍വികള്‍ വഴങ്ങിയ ഇന്ത്യയുടെ പ്രധാന തലവേദന ബൗളര്‍മാര്‍ ഫോമിലേക്കുയരാത്തതാണ്. ഓക്‌ലന്‍ഡില്‍ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അസാധ്യമെന്ന് കരുതിയ വിജയത്തിനരികിലെത്തുകയുണ്ടായി. പക്ഷേ, സൂപ്പര്‍ ടൈ ആകുവാനായിരുന്നു വിധി.
ബൗളറെന്ന നിലയില്‍ ടീമിലിടം നേടിയ രവീന്ദ്ര ജഡേജ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പക്വതയാര്‍ന്ന ഇന്നിംഗ്‌സ് കാഴ്ചവെച്ചത് പുത്തന്‍ പ്രതീക്ഷയാണ്. അതേ സമയം, സ്പിന്നറായ രവിചന്ദ്ര അശ്വിനും സ്‌പെഷ്യലിസ്റ്റെന്ന നിലയില്‍ പരാജയപ്പെടുകയും ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. റണ്ണൊഴുകുന്ന ന്യൂസിലാന്‍ഡിലെ സാഹചര്യത്തില്‍ ലൈനും ലെംഗ്തും കൃത്യമാക്കി പന്തെറിയുന്നതില്‍ പേസര്‍മാര്‍ പരാജയപ്പെടുന്നതും ധോണിയെ ചിന്തിപ്പിക്കുന്നു.
ബാറ്റിംഗ് ലൈനപ്പിന്റെ ആഴം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് കഴിഞ്ഞ മൂന്ന് കളിയിലും ടോസ് നേടിയിട്ടും ധോണി ബൗളിംഗ് തിരഞ്ഞെടുത്തത്.
2011ന് ശേഷം ടോസ് നേടിയിട്ടും ചേസിംഗ് തിരഞ്ഞെടുത്തത് മുപ്പത് മത്സരങ്ങളിലാണ്. ഇതില്‍ പതിനെട്ടിലും ഇന്ത്യ ജയിച്ചപ്പോള്‍ ഒന്നില്‍ സമനില. ലക്ഷ്യം പിന്തുടരുന്നതാണ് ഇന്ത്യക്ക് നല്ലതെന്ന് വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വിശ്വസിക്കുന്നു. കൃത്യമായ കണക്ക് കൂട്ടലോടെ കളിക്കാന്‍ സാധിക്കുമെന്നതാണ് നേട്ടം. ധോണിയും കോഹ്‌ലിയും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുമ്പോള്‍ ഓപണര്‍മാര്‍ നിറം മങ്ങുന്നത് തിരിച്ചടിയാകുന്നു. ന്യൂസിലാന്‍ഡാകട്ടെ, കോറെ ആന്‍ഡേഴ്‌സനെ പോലുള്ള പുതിയ താരോദയങ്ങളുടെ കരുത്തില്‍ ആരെയും വെല്ലുന്ന നിരയായി മാറിയിരിക്കുന്നു.