ന്യൂ ചാമ്പ്യന്‍

Posted on: January 28, 2014 5:00 am | Last updated: January 28, 2014 at 8:19 am

vavringaമെല്‍ബണ്‍: ഗ്രാന്‍സ്ലാം ലോകം പുതിയൊരു ചാമ്പ്യനെ കണ്ടു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള സ്റ്റാനിസ്ലാസ് വാവ്‌റിങ്ക. ഇതിഹാസ താരം റോജര്‍ഫെഡററുടെ ഡബിള്‍സ് പങ്കാളി എന്ന നിലയില്‍ മാത്രം അറിഞ്ഞിരുന്ന വാവ്‌റിങ്ക ആസ്‌ത്രേലിയന്‍ ഓപണ്‍ നേടിക്കൊണ്ടാണ് പുതുചരിതമെഴുതിയത്. ഫൈനലില്‍, അട്ടിമറിക്കപ്പെട്ടതാകട്ടെ സാക്ഷാല്‍, ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍. 6-3, 6-2, 3-6, 6-3ന് വലിയൊരു കഠിനാധ്വാനം വേണ്ടിവന്നില്ല വാവ്‌റിങ്കക്ക് തന്റെ കന്നി ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിടാന്‍. രണ്ട് മണിക്കൂറും 21 മിനുട്ടും കൊണ്ട് വാവ്‌റിങ്ക നദാലിനെ കെട്ടുകെട്ടിച്ചുവെന്നത് അല്പം ഞെട്ടലോടെയാണ് ടെന്നീസ് ലോകം ഉള്‍ക്കൊണ്ടത്. പവര്‍ ടെന്നീസിന്റെ ഉഗ്രമൂര്‍ത്തിയായ നദാലിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെയാണ് ഫെഡറര്‍ സെമിയില്‍ പുറത്തായത്.
ഇത്ര കാലവും ഫെഡററുടെ നിഴലില്‍ ഒതുങ്ങിപ്പോയ വാവ്‌റിങ്കയില്‍ നിന്ന് ആരും തന്നെ നദാലിനെ വിറപ്പിക്കുന്ന പ്രകടനം പ്രതീക്ഷിച്ചില്ല. നൊവാക് ജൊകൊവിചിനെയും ബെര്‍ഡിയാകിനെയും വീഴ്ത്തിയത് ഗ്രാന്‍സ്ലാമുകളില്‍ കണ്ടുപരിചയിച്ച അട്ടിമറിക്കഥകളായി മാത്രമാണ് ടെന്നീസ് വിദഗ്ധര്‍ പോലും കണ്ടത്. പക്ഷേ, നദാലിനെതിരെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ വാവ്‌റിങ്കയുടെ കേളീശൈലി പുരുഷ ടെന്നീസിലെ സ്വിസ് നിക്ഷേപം അവസാനിക്കാറായിട്ടില്ലെന്ന സൂചന നല്‍കുന്നു.
ബിഗ് ഫോറിലെ ക്രമത്തിലും ആസ്‌ത്രേലിയന്‍ ഓപണോടെ മാറ്റം വന്നു.
റാഫേല്‍ നദാല്‍, നൊവാക് ജൊകോവിച്, സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോ എന്നിങ്ങനെയാണ് പുതിയ റാങ്കിംഗിലെ ആദ്യ നാല് സ്ഥാനക്കാര്‍. ഡേവിഡ് ഫെറര്‍ അഞ്ചാം സ്ഥാനത്തേക്കും മുന്‍ മൂന്നാം നമ്പര്‍ ആന്‍ഡി മുറെ ആറാം സ്ഥാനത്തേക്കും താഴ്ന്നപ്പോള്‍ തോമസ് ബെര്‍ഡിയാക് ഏഴാം സ്ഥാനം നിലനിര്‍ത്തി. മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ ആറാം റാങ്കില്‍ നിന്ന് എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു.ഫെഡറര്‍, നദാല്‍, ജൊകോവിച്, മുറെ എന്നിവരാണ് പുരുഷ ടെന്നീസിലെ ബിഗ് ഫോര്‍ ആയി കഴിഞ്ഞ ദശകത്തില്‍ മുന്തി നിന്നത്. 2009 യു എസ് ഓപണില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോ ചാമ്പ്യനായതാണ് ബിഗ് ഫോറിന്റെ മേധാവിത്വത്തെ ചോദ്യം ചെയ്ത ആദ്യ സംഭവം. അതിന് ശേഷം, വാവ്‌റിങ്കയാണ് ചലനം സൃഷ്ടിച്ചത്. തന്റെ നേട്ടം വാവ്‌റിങ്കക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ബിഗ് സര്‍പ്രൈസ് എന്നാണ് സ്വിസ് താരം വിശേഷിപ്പിച്ചത്. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ വാവ്‌റിങ്കയുടെ മുപ്പത്താറാം ഊഴമായിരുന്നു ആസ്‌ത്രേലിയന്‍ ഓപണ്‍. അതില്‍ കന്നി ഫൈനല്‍, കന്നിക്കിരീടം. ഇടത് കൈയില്‍ സാമുവല്‍ ബെക്കെറ്റിന്റെ പ്രശസ്തമായ പ്രചോദന വാചകം ടാറ്റു പതിച്ചാണ് വാവ്‌റിങ്ക റാക്കറ്റേന്തിയത്.
എപ്പോഴും പരിശ്രമിക്കുക, എപ്പോഴും തോല്‍ക്കട്ടെ, കാര്യമാക്കേണ്ട. പരിശ്രമിക്കുക. തോറ്റുകൊണ്ടേയിരിക്കട്ടെ. തോല്‍വി മികച്ചതാകട്ടെ. ഈ വാചകം വാവ്‌റിങ്കക്ക് സ്വപ്‌നസാക്ഷാത്കാരം പോലെ ഗ്രാന്‍സ്ലാം കിരീടം സമ്മാനിച്ചു.
നാല്‍പ്പത്തെട്ട് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ ഭാഗ്യപരീക്ഷണം നടത്തുകയും നാല്‍പ്പത്തൊമ്പതാം ഊഴത്തില്‍, 2001 ല്‍ വിംബിള്‍ഡണ്‍ നേടുകയും ചെയ്ത ഗോരാന്‍ ഇവാനിസെവിചിന്റെ കാത്തിരിപ്പ് തന്നെയാണ് ഇന്നും ദൈര്‍ഘ്യമേറിയത്. വാവ്‌റിങ്കക്ക് രണ്ടാം സ്ഥാനം.
മുമ്പ് പന്ത്രണ്ട് തവണ കളിച്ചപ്പോഴും വാവ്‌റിങ്കക്ക് മുന്നില്‍ ഒരു സെറ്റ് പോലും നദാല്‍ നഷ്ടപ്പെടുത്തിയിരുന്നില്ല. പതിമൂന്നാം അവസരത്തില്‍, നദാല്‍ നല്‍കേണ്ടി വന്ന വില പതിനാലാം ഗ്രാന്‍സ്ലാം കിരീടം ! ഇതിഹാസ താരം പീറ്റ് സാംപ്രാസിനൊപ്പമെത്താന്‍ നദാലിന് കാത്തിരിക്കണം. സാംപ്രാസില്‍ നിന്ന് കിരീടം സ്വീകരിക്കാമെന്ന അമിത ആത്മവിശ്വാസം നദാലിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ, പുരസ്‌കാര ദാന വേളയില്‍ നദാലിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. പക്ഷേ, വാവ്‌റിങ്കയെ പ്രശംസിച്ചു. അര്‍ഹിക്കുന്നു, വാവ്‌റിങ്ക ഇതര്‍ഹിക്കുന്നു – നദാലിന്റെ വാക്കുകള്‍ക്ക് കരഘോഷത്തിന്റെ കോറസ്.