മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമാകും

Posted on: January 28, 2014 8:14 am | Last updated: January 28, 2014 at 8:14 am

പരപ്പനങ്ങാടി: പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡിക്കായി 100 കോടി രൂപ ബജറ്റില്‍ ധനമന്ത്രി കെ എം മാണി വകയിരുത്തിയത് തീരത്തെ തൊഴിലാളികള്‍ക്ക് ആശ്വാസമാകും. മണ്ണെണ്ണയുടേത് അടക്കമുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പടിപടിയായി എടുത്തുകളഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ പരമ്പരാഗത തൊഴിലാളികള്‍ അവരുടെ യാനങ്ങളില്‍ ഉപയോഗിക്കുന്ന ഔട്ട് ബോട്ടുകള്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന മണ്ണെണ്ണ സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചത്.
നേരത്തെ എല്‍ ഡി എഫ് സര്‍ക്കാരും 20 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും തുടര്‍ നടപടികളുണ്ടാകാത്തതിനെ തുടര്‍ന്ന് പ്രസ്തുത ബജറ്റ് ആനുകൂല്യം തൊഴിലാളികള്‍ക്ക് ലഭ്യമാകാതെ പോവുകയായിരുന്നു. മത്സ്യതൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണയും ഔട്ട് ബോര്‍ഡ് എന്‍ജിനുകള്‍ വാങ്ങാന്‍ സബ്‌സിഡിയോടെ വായ്പയും നല്‍കാമെന്ന് പറഞ്ഞാണ് പരമ്പരാഗത തൊഴിലാളികളില്‍ യന്ത്രവത്കരണം നടപ്പിലാക്കിയത്.
എന്നാല്‍ തുടരെ തുടരെ വില വര്‍ധിപ്പിച്ച് സര്‍ക്കാരുകള്‍ തൊഴിലാളികളുടെ നട്ടെല്ല് ഒടിക്കുകയായിരുന്നു. കൂടാതെ ഔട്ട്‌ബോര്‍ഡ് എന്‍ജിനുകളുടെ കാലപ്പഴക്കത്തിന് 15 വര്‍ഷം നിശ്ചയിച്ച് അതിന് മുമ്പുള്ള എന്‍ജിനുകളുടെ സബ്‌സിഡി മണ്ണെണ്ണ പെര്‍മിറ്റുകള്‍ റദ്ദ് ചെയ്യുകയയും ചെയ്തു. എന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താതെ സര്‍ക്കാര്‍ എടുത്ത നടപടി വീണ്ടും പരമ്പരാഗത തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി.
ഇപ്പോള്‍ മണ്ണെണ്ണക്ക് കരിഞ്ചന്തയില്‍ ലിറ്ററിന് 60 മുതല്‍ 75 രൂപ വരെ നല്‍കണം. പെര്‍മിറ്റുകള്‍ മുഖേന സര്‍ക്കാര്‍ നല്‍കുന്ന മണ്ണെണ്ണ നാമമാത്രമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യം വഴിയുള്ള മണ്ണെണ്ണ ആവശ്യാനുസരണം ന്യായമായ വിലക്ക് ലഭ്യമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിനായി പെട്രോള്‍ ബങ്കുകള്‍ പോലെ മണ്ണെണ്ണ ബങ്കുകള്‍ സ്ഥാപിക്കണമെന്നും തൊഴിലാളികള്‍ പറയുന്നു.