മീലാദ് കണ്‍വെന്‍ഷനും റാലിയും നടത്തി

Posted on: January 28, 2014 7:59 am | Last updated: January 28, 2014 at 7:59 am

മേപ്പാടി: സുന്നീ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ,എസ് വൈ എസ് , എസ് എസ് എഫ്, എസ് എം എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മീലാദ് കണ്‍വെന്‍ഷനും റാലിയും പൊതുസമ്മേളനവും നടത്തി. ടൗണ്‍ സുന്നീ മസ്ജിദില്‍ നടന്ന കണ്‍വെന്‍ഷനില്‍ കീലത്ത് മുഹമ്മദ് മാസ്റ്റര്‍ പ്രസംഗിച്ചു.
ആരോപണ പ്രത്യാരോപണങ്ങള്‍ അവഗണിച്ച് മതപ്രബോധന രംഗം സജീവക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. വിമര്‍ശകര്‍ തൊടുത്തു വിടുന്ന ആരോപണങ്ങളില്‍ പതറരുത്.പ്രബോധന രംഗത്ത് നമ്മെ വെല്ലാന്‍ കഴിയാതെ വന്ന വിഘടിതര്‍ ആരോപണങ്ങള്‍ പടച്ച് വിട്ട് നമ്മുടെ ശക്തി ക്ഷയിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ചേളാരിക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടി നല്‍കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് മേപ്പാടി ടൗണില്‍ നബിദിന ഘോഷയാത്രയും നടന്നു. പരിപാടിക്ക് മുഹമ്മദ് ബാഖവി എരുമക്കൊല്ലി, കെ വി ഇബ്‌റാഹീം സഖാഫി റിപ്പണ്‍, മുഈനുദ്ദീന്‍ മുസ്‌ലിയാര്‍ നെല്ലിമുണ്ട, എ പി റഷീദ്, മൂസ മുസ്‌ലിയാര്‍, പി ടി റഫീഖ് മുസ്‌ലിയാര്‍ നീലഗിരി,അബൂബക്കര്‍ നമ്പൂതിരിക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി നെടുങ്കരണ റിപ്പബ്ലിക് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്തഫ ഫാളിലി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി.
സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫവാസിനും, ഏഴിലെ കാപ്പിംകൊല്ലി മദ്‌റസയിലെ ജിന്‍ഷക്കും, പത്താം തരത്തില്‍ റിപ്പണ്‍പുതുക്കാട് മദ്‌റസയിലെ മാജിദക്കും ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി.