കാര്‍ഷിക മേഖലയുടെ വികസനത്തിന് പുതിയ പദ്ധതികള്‍ നടപ്പാക്കും: മന്ത്രി

Posted on: January 28, 2014 7:58 am | Last updated: January 28, 2014 at 7:58 am

കല്‍പ്പറ്റ: കാര്‍ഷിക ജില്ലയായ വയനാട്ടില്‍ പ്രതിസന്ധികളെയും വെല്ലുവിളികളേയും അതിജീവിച്ച് നിരവധിയാളുകള്‍ കാര്‍ഷികമേഖലയിലേക്ക് തിരിയുന്നു എന്നത് പ്രത്യാശാജനകമാണെന്ന് പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ പുത്തന്‍ പദ്ധതികള്‍ നടപ്പാക്കി മേഖലയ്ക്ക് ഊര്‍ജ്ജം പകരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 65-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌കൂളില്‍ നടന്ന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം ഐക്യരാഷ്ട്രസഭ ആഗോള കുടുംബകൃഷി വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷികമേഖലയുടെ വികസനത്തിനായി പുതിയ പദ്ധതികള്‍ നടപ്പാക്കും. ആധുനിക കൃഷി രീതികള്‍ അവലംബിച്ച് യുവജനങ്ങള്‍ക്കു പോലും കാര്‍ഷിക മേഖലയില്‍ വന്‍നേട്ടമുണ്ടാക്കാന്‍ കഴിയും.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഫലപ്രദമായി നടപ്പാക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. ഇതിനോടൊപ്പം ഭൂരഹിതരായ മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുകയെന്നതും ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. പട്ടികവര്‍ഗ്ഗ വികസനത്തിന് സംസ്ഥാന പ്ലാന്‍ ഫണ്ടിന്റെ മൂന്ന് ശതമാനമാണ് ബജറ്റില്‍ മാറ്റിവെച്ചിട്ടുള്ളത്. 320 കോടിരൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 600 കോടി രൂപയാണ് അടുത്ത വര്‍ഷം പട്ടികവര്‍ഗ്ഗ വികസനത്തിന് ലഭിക്കുകയെന്നത് ഏറെ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനത്തിനായി നിലവില്‍ നടപ്പാക്കി വരുന്ന ജനനീ ജ•രക്ഷ, ഗോത്രജ്യോതി, ഗോത്രസാരഥി, കൈത്താങ്ങ് തുടങ്ങിയ പദ്ധതികള്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ മാതൃകാപരമായി നടപ്പാക്കും. ഓരോ കുടുംബത്തിനും ഒരേക്കര്‍ വീതം ഭൂമി നല്‍കുന്ന പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനുള്ള ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കി വരികയാണ്. കൂടാതെ ഭൂമി വാങ്ങുന്നതിന് ഓരോ പട്ടികവര്‍ഗ്ഗ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നല്‍കുന്ന പദ്ധതിയും ഉടന്‍ സഫലമാകും. ജില്ലയിലെ ഭൂരഹിതരായ മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഭൂമി വാങ്ങി നല്‍കുന്നതിന് ഈ പദ്ധതികള്‍ സഹായിക്കും.
പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്നതിന് നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഡിപ്ലോമ കോഴ്‌സില്‍ 100 കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. നബാര്‍ഡിന്റെ സഹായത്തോടെ പട്ടികവര്‍ഗ സങ്കേതങ്ങളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ബൃഹത് പദ്ധതി ഉടന്‍ ആരംഭിക്കും. ഹഡ്‌ക്കോയില്‍ നിന്നുള്ള ധസഹായത്തോടെ 5000 ഓളം പുതിയ വീടുകള്‍ നല്‍കുന്നതിന് നടപടി പൂര്‍ത്തിയായിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനത്തിന് വായ്പാ സൗകര്യം പ്രയോജനപ്പെടുത്തുന്നത് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ്.
മെഡിക്കല്‍ കോളജും ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റിയൂട്ടും ജില്ലയുടെ വികസനത്തില്‍ നാഴികക്കല്ലായി മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 16.35 കോടിരൂപ അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണത്തിന് 50 ഏക്കര്‍ ഭൂമി കല്‍പ്പറ്റക്കടുത്ത് മടക്കിമലയില്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടിരൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. കല്‍പ്പറ്റ ബൈപാസ്സിന്റെതടക്കം പുതിയ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണത്തിലൂടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ജില്ല വളരെയേറെ മുന്നേറിയിട്ടുണ്ട്. പതിറ്റാണ്ടുകളായി വയനാടിന്റെ പ്രതീക്ഷയായ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 5 കോടിരൂപ വകയിരുത്തിയിട്ടുണ്ടെന്നതും ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ സായുധ-സേനാ വിഭാഗങ്ങളും എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. സ്വാതന്ത്ര്യ സമര സേനാനിയായ എ എസ് നാരായണ പിള്ളയെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. കലക്ടര്‍ കെ ജി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, ജില്ലാപോലീസ് മേധാവി മഞ്ജുനാഥ്, സബ് കലക്ടര്‍ വീണ എന്‍ മാധവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഉഷാകുമാരി, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി പി ആലി, എ ഡി എം എന്‍ ടി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
തരുവണ: പരിയാരംമുക്ക് അങ്കണ്‍വാടിയില്‍ റിപ്പബ്ലിക് ദിനം ക്ഷേമകമ്മിറ്റി, വയോജന ക്ലബിന്റെയും ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചു. വിവിധ കലാപരിപാടികളും ചിത്രമത്സരങ്ങളും നടത്തി. വിജയികള്‍ക്ക് സമ്മാനവും നല്‍കി.
പെരുന്തട്ട: എസ്റ്റേറ്റ് തൊഴിലാളികള്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പി ഹൈദ്രു സൂപ്രവൈസര്‍ പതാക ഉയര്‍ ത്തി. ഇ മുഹമ്മദ് ബാവ പ്രസംഗിച്ചു.