‘വിചിന്തനം 2013’ ഫെബ്രുവരി രണ്ടിന്

Posted on: January 28, 2014 12:41 am | Last updated: January 29, 2014 at 7:29 am

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം നടത്തിവരുന്ന ‘മിഷന്‍ 2014’ ന്റെ ഭാഗമായുള്ള ‘വിചിന്തനം 2013’ ഫെബ്രുവരി രണ്ടിന് നടക്കും.
സംസ്ഥാനത്ത് രണ്ട് കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ ജില്ലാ ജനറല്‍ സെക്രട്ടറി, ദഅ്‌വാ കാര്യ സെക്രട്ടറി, സംഘടനാ കാര്യ സെക്രട്ടറി എന്നിവര്‍ പ്രതിനിധികളായിരിക്കും. കാലത്ത് 11 മണിക്ക് സമസ്ത സെന്ററില്‍ ആരംഭിക്കുന്ന വിചിന്തനത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, നീലഗിരി ജില്ലകളില്‍ നിന്നുള്ളവരും കായംകുളം മജ്‌ലിസില്‍ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരുമാണ് പങ്കെടുക്കുക. സഹോദരി സംഗമം, പ്രീമാരിറ്റല്‍ മീറ്റ്, സാന്ത്വനം ക്ലിനിക്ക്, ബുക് ഷോപ്പ്, സ്റ്റഡി ടൂര്‍, യൂത്ത് കോണ്‍ഫറന്‍സ്, വ്യാപാരി വ്യവസായി സമ്മേളനം തുടങ്ങിയ പദ്ധതികളുടെ പ്രയോഗവത്കരണം ചര്‍ച്ച ചെയ്യുന്ന ക്യാമ്പില്‍ കഴിഞ്ഞ മൂന്ന് മാസത്തെ പ്രവര്‍ത്തനം സമ്പൂര്‍ണമായി വിലയിരുത്തും.