ഗൃഹശ്രീ ഭവനപദ്ധതിയുമായി ഭവന നിര്‍മാണ ബോര്‍ഡ്‌

Posted on: January 28, 2014 12:36 am | Last updated: January 27, 2014 at 11:38 pm

കോട്ടയം: സംസ്ഥാനത്തെ എല്ലാവര്‍ക്കും വീടൊരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ ഗൃഹശ്രീ പദ്ധതി.
രണ്ടോ മൂന്നോ സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള സംസ്ഥാനത്തെ ദുര്‍ബല, താഴ്ന്ന വരുമാനത്തില്‍പ്പെട്ടവര്‍ക്ക് സന്നദ്ധ സംഘടനകളുടെയോ എന്‍ ജി ഒ കളുടെയോ വ്യക്തികളുടെയോ സഹകരണത്തോടെ വീട് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന പദ്ധതിയാണിത്. സംസ്ഥാന ഭവനിര്‍മാണ ബോര്‍ഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. നാല് ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം വരെ ചെലവുവരുന്ന വീടുകളുടെ നിര്‍മാണ സ്വാതന്ത്യം ഗുണഭോക്താവിനായിരിക്കും. ഈ പദ്ധതി പ്രകാരം ഗുണഭോക്താവിന് തിരിച്ചടവോ കടബാധ്യതയോ ഉണ്ടാകുന്നില്ല.
ബി പി എല്‍ വിഭാഗത്തിന് 30 ചതുരശ്രമീറ്റര്‍ മുതല്‍ 40 ചതുരശ്രമീറ്റര്‍ വരെയുള്ള വീടിന് നാല് ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ സബ്‌സിഡി രണ്ട് ലക്ഷം രൂപ, സന്നദ്ധ സംഘടനാ വിഹിതം ഒരു ലക്ഷം, ഗുണഭോക്തൃ വിഹിതം ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്.
എ പി എല്‍ വിഭാഗത്തിന് അര്‍ഹത ലഭിക്കാന്‍ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയായിരിക്കണം. താഴ്ന്ന വരുമാനക്കാര്‍ എന്ന വിഭാഗത്തിന് വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയായിരിക്കണം. ഗുണഭോക്താവ് സ്വന്തം ഉത്തരവാദിത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭവനനിര്‍മാണ ബോര്‍ഡിന്റെ വ്യവസ്ഥകള്‍ പ്രകാരം തവണകളായിട്ടായിരിക്കും തുക നല്‍കുന്നത്.
2013-14 സാമ്പത്തിക വര്‍ഷം 525 വീടുകള്‍ക്കായി 10.5 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 336 സംഘടനകളും 304 വ്യക്തികളും ചേര്‍ന്ന് 10,227 വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് താത്പര്യം ഇതിനകം അറിയിച്ചതായി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീനാ നാന്‍സി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.