24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം: നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല

Posted on: January 28, 2014 12:28 am | Last updated: January 27, 2014 at 11:29 pm

തിരുവനന്തപുരം: 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൂടുതല്‍ അവയവദാനം നടത്തുന്നതിന് ഇത് സഹായകമാകുമെന്നും കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗിന്റെ (നോസ്) മൃതസഞ്ജീവനി പദ്ധതിയുടെ ഒന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം 24 മണിക്കൂറും നടത്തുന്നതിന് സി ആര്‍ പി സി ഉള്‍പ്പെടെയുള്ള നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും. അതിനുവേണ്ട നടപടികള്‍ സ്വീകരിക്കും. അവയവ ദാനം നടത്തുന്നവര്‍ മരിക്കുമ്പോള്‍ അവര്‍ക്ക് ആദരം നല്‍കുന്നതിനുള്ള സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന മൃതസഞ്ജീവനി പദ്ധതിയിലൂടെ 110 പേര്‍ക്കാണ് അവയവദാന ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിഞ്ഞിട്ടുള്ളത്. 86 പേര്‍ക്ക് കിഡ്‌നിയും 51 പേര്‍ക്ക് കരളും ആറ് പേര്‍ക്ക് ഹൃദയവും മാറ്റിവെക്കാന്‍ സാധിച്ചിട്ടുണ്ട്.