തൊഴിലാളികളുടെ കൈവെട്ടിയ സംഭവം: സുപ്രീം കോടതി നോട്ടീസയച്ചു

Posted on: January 28, 2014 12:00 am | Last updated: January 27, 2014 at 11:20 pm

ന്യൂഡല്‍ഹി: ആന്ധ്രയില്‍ കോണ്‍ട്രാക്ടര്‍ രണ്ട് തൊഴിലാളികളുടെ വലത് കൈ വെട്ടിമാറ്റിയ സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടല്‍. സംഭവത്തില്‍ ഒഡീഷ, ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിമാര്‍ക്ക് ചീഫ് ജസ്റ്റീസ് പി സദാശിവം തലവനായ ബഞ്ച് നോട്ടീസയച്ചു.
ഒഡീഷയിലെ കല്‍ഹാനാഡി ജില്ലയില്‍ ബെല്‍പാദ ഗ്രാമത്തിനടുത്തുള്ള കാട്ടില്‍വെച്ചാണ് സംഭവം നടന്നത്. മുന്‍കൂറായി നല്‍കിയ തുക തിരിച്ച് പിടിക്കാന്‍ ഇവരെ വീട്ടിലേക്ക്് തിരിച്ചുകൊണ്ടുവരുന്നതിനിടെയാണ് ഹീനമായ അക്രമണം ഉണ്ടായത്. ഛത്തീസ്ഗഢിലെ രായ്പൂര്‍ ജില്ലയില്‍ ഇഷ്ടിക നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യാന്‍ നേരത്തെ ഇവര്‍ വിസമ്മതിച്ചിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ വെച്ച് കോണ്‍ട്രാക്ടറും ഇദ്ദേഹത്തിന്റെ ഒപ്പമുള്ളവരും തൊഴിലാളികളുടെ കൈ വെട്ടിമാറ്റിയതുമായാണ് റിപ്പോര്‍ട്ട്.
കോണ്‍ട്രാക്ടര്‍ക്കും സഹായിക്കും വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഢിലെ റായ്പൂരില്‍ ജോലി ചെയ്യാന്‍ ഇവരെ നിര്‍ബന്ധിക്കുകയായിരുന്നു.