സ്വര്‍ണ ഇറക്കുമതി നിയന്ത്രണം പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി

Posted on: January 28, 2014 12:01 am | Last updated: January 27, 2014 at 11:19 pm

CHITHAMBARANന്യൂഡല്‍ഹി: സ്വര്‍ണം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മാര്‍ച്ച് അവസാനത്തോടെ പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി പി ചിദംബരം. സ്വര്‍ണ ഇറക്കുമതി നിയന്ത്രണം മാര്‍ച്ചോടെ ഇളവ് ചെയ്യാനാകുമെന്നാണ് തന്റെ ആത്മവിശ്വാസം. വളരെ കരുതലോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ.
കറന്റ് അക്കൗണ്ട് കമ്മി പൂര്‍ണമായി നിയന്ത്രണത്തിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ നിയന്ത്രണത്തില്‍ അയവ് വരുത്തൂ എന്നും ചിദംബരം പറഞ്ഞു. കസ്റ്റംസ് ഡേ ദിനത്തില്‍ നികുതി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ ഇറക്കുമതിക്കായി വലിയ തോതില്‍ വിദേശനാണ്യ ശേഖരം ഉപയോഗിക്കുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കുകയും അതുവഴി രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്ത പശ്ചാത്തലത്തിലാണ് സ്വര്‍ണം ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഇറക്കുമതി കുറക്കാനായി കഴിഞ്ഞ വര്‍ഷം മൂന്ന് തവണയാണ് ഇറക്കുമതി തീരുവ കൂട്ടിയത്. ഈ നിയന്ത്രണങ്ങള്‍ ഇറക്കുമതിയില്‍ വലിയ തോതില്‍ പ്രതിഫലിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മെയില്‍ ഇറക്കുമതി 162 ടണ്‍ ആയിരുന്നു. നവംബറില്‍ അത് 19. 3 ടണ്‍ കുത്തനെ ഇടിഞ്ഞു. അസംസ്‌കൃത എണ്ണ ഇറക്കുമതി കഴിഞ്ഞാല്‍ ഏറ്റവും വലിയ ഇറക്കുമതി ബില്‍ സ്വര്‍ണത്തിനാണ്.
ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ സ്വര്‍ണ കള്ളക്കടത്ത് കൂടിയെന്ന് ധനമന്ത്രി പറഞ്ഞു. പ്രതിമാസം മൂന്ന് ടണ്‍ വരെ സ്വര്‍ണം രാജ്യത്തേക്ക് കടത്തി കൊണ്ടുവരുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ട് മാത്രം നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനാകില്ല. അത്യന്തം ശ്രദ്ധയോടെ കൈകൊള്ളേണ്ട തീരുമാനമാണതെന്നും ചിദംബരം വ്യക്തമാക്കി.