Connect with us

International

രണ്ടാം ജനീവ ചര്‍ച്ചയില്‍ വീണ്ടും അനിശ്ചിതാവസ്ഥ

Published

|

Last Updated

ജനീവ: സിറിയന്‍ വിഷയത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടക്കുന്ന രണ്ടാം ജനീവ ഉച്ചകോടിയില്‍ വീണ്ടും അനിശ്ചിതാവസ്ഥ. വിമത പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തിന് അറുതി വരുത്താനായി കഴിഞ്ഞയാഴ്ച ആരംഭിച്ച സമ്മേളനമാണ് തീരുമാനമാകാതെ നീണ്ടുപോകുന്നത്. അധികാര കൈമാറ്റത്തിന് തയ്യാറാകില്ലെന്ന് സിറിയന്‍ സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചതോടെയാണ് പുതിയ പ്രശ്‌നം ഉടലെടുത്തത്. ചര്‍ച്ചയില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അവതരിപ്പിച്ച പ്രഖ്യാപനത്തില്‍ സര്‍ക്കാറിന്റെ രാജിയുമായി ബന്ധപ്പെട്ട് യാതൊരു പരാമര്‍ശവുമില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തുനിഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് ബശര്‍ അല്‍ അസദ് സ്ഥാനം രാജിവെച്ച് അധികാരം താത്കാലിക സര്‍ക്കാറിന് നല്‍കണമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. എങ്കില്‍ മാത്രമേ രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭം അവസാനിപ്പിക്കുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അധികാര കൈമാറ്റം ഉണ്ടാകില്ലെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും സമാധാന സമ്മേളനത്തിന് മുമ്പ് തന്നെ സിറിയന്‍ സര്‍ക്കാര്‍ വക്താക്കള്‍ പ്രഖ്യാപിച്ചിരുന്നു. ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന റഷ്യയുടെയും അമേരിക്കയുടെയും പ്രതിനിധികളോട് സിറിയ ഇക്കാര്യം വ്യക്തമാക്കിയതുമായിരുന്നു.
അതിനിടെ, ഏറ്റുമുട്ടല്‍ രൂക്ഷമായ ഹംസിലേക്ക് കോടിക്കണക്കിന് ഡോളറിന്റെ സഹായം എത്തിക്കുമെന്ന് യു എന്‍ വക്താക്കള്‍ അറിയിച്ചു. യു എന്‍ മനുഷ്യാവകാശ മേധാവികള്‍ ഹംസടക്കമുള്ള സിറിയന്‍ പ്രക്ഷോഭ മേഖലകള്‍ സന്ദര്‍ശിക്കുമെന്ന് അറബ് ലീഗ്, യു എന്‍ പ്രത്യേക പ്രതിനിധി ലഖ്ദര്‍ ഇബ്‌റാഹീമി വ്യക്തമാക്കി.

Latest