ഒരു വര്‍ഷത്തിനിടെ യു എസില്‍ 163 വേദ പണ്ഡിറ്റുമാരെ കാണാതായി

Posted on: January 28, 2014 12:01 am | Last updated: January 27, 2014 at 11:14 pm

വാഷിംഗ്ടണ്‍: ഉത്തരേന്ത്യയില്‍ നിന്നുള്ള 163 വേദ പണ്ഡിറ്റുമാരെ അമേരിക്കയില്‍ കാണാതായതായി റിപ്പോര്‍ട്ട്. അയോവയിലെ മഹര്‍ഷി വേദ നഗരത്തില്‍നിന്നും ഒരു വര്‍ഷത്തിനിടെയാണ് ഇവരെ കാണാതായതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചിക്കാഗോയില്‍ നി ന്നും പ്രസിദ്ധീകരിക്കുന്ന ഹായ് ഇന്ത്യ വാരിക പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കുറഞ്ഞ വേതനത്തില്‍ ജീവിക്കുന്ന പണ്ഡിറ്റുകളുടെ ഇവിടുത്തെ ജീവിത നിലവാരം മോശം അവസ്ഥയിലാണ്. എമിഗ്രേഷന്‍ നടപടികളില്‍നിന്നും രക്ഷനേടുന്നതിനോ മറ്റോ ഇവര്‍ സ്ഥലംമാറി പോയതായിരിക്കാമെന്ന് വേദിക് യൂനിവേഴ്‌സിറ്റി തലവന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ മഹര്‍ഷി വേദ നഗര അധികൃതര്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.1050 പണ്ഡിറ്റുമാരാണ് അതീന്ദ്രീയമെന്ന് അവകാശപ്പെടുന്ന ധ്യാന പരിപാടിയുമായി ബന്ധപ്പെട്ട് ഇവിടെയുള്ളത്. അന്തരിച്ച മഹിര്‍ഷി മഹേഷ് യോഗി സ്ഥാപിച്ച ഗ്ലോബല്‍ കണ്‍ട്രി ഓഫ് വേള്‍ഡ് പീസ് അധികൃതര്‍ക്ക് ഇവിടത്തെ പണ്ഡിറ്റുകളുടെ ദയനീയാവസ്ഥയെക്കുറിച്ച് അറിവില്ല. പണ്ഡിറ്റുമാരില്‍ 19 വയസ്സുള്ളവരുമുണ്ട്. കരാര്‍ വ്യവസ്ഥയിലാണ് ഇവര്‍ അമേരിക്കയിലെത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.