മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ സമൂഹ മന:സാക്ഷി ഉണരണം: ബായാര്‍ തങ്ങള്‍

Posted on: January 28, 2014 12:02 am | Last updated: January 27, 2014 at 10:04 pm

ഉപ്പള: രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് വിളംബരം ചെയ്ത വിശ്വപ്രവാചകരുടെ ആശയങ്ങള്‍ പിന്‍പറ്റുന്നവര്‍ക്ക് ഭീകര തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്ന് മുജമ്മഇസ്സഖാഫത്തിസ്സുന്നിയ്യ സാരഥി സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി ബായാര്‍ പ്രസ്താവിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ബായാര്‍ മുജമ്മഇനു കീഴില്‍ ഉപ്പളയില്‍ നടന്ന ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക അനീതികള്‍, ചൂഷണങ്ങള്‍ തുടങ്ങിയ മനുഷ്യാവകാശങ്ങളെ ധ്വംസിക്കുന്ന എല്ലാ നീചപ്രവൃത്തികള്‍ക്കുമെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നേറണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വ പൈതൃകവും സംരക്ഷിക്കാന്‍ ആശയഭിന്നതകള്‍ മറന്ന് രംഗത്ത് വരണം. എല്ലാവരുടെയും രക്തവും ധനവും അഭിമാനവും പാനവനമാണെന്ന നിലയില്‍ സര്‍വ മനുഷ്യരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ രാജ്യത്ത് മനുഷ്യാവകാശം സംരക്ഷിക്കപ്പെടൂകയുള്ളൂ. സര്‍വ നാശത്തിന്റെയും താക്കോലായ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നിയമ വിധേയമായ മാര്‍ഗത്തിലൂടെ പോരാട്ടം ശക്തമാക്കണമെന്നും തങ്ങള്‍ പറഞ്ഞു.
മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ആത്മീയ പ്രഭാഷണം നടത്തി. എസ് എസ് എഫ് അഖിലേന്ത്യ ഉപാധ്യക്ഷന്‍ അബ്ദുറശീദ് സൈനി കാമില്‍ സഖാഫി കക്കിഞ്ച റിപബ്ലിക്ദിന സന്ദേശ പ്രഭാഷണം നടത്തി. കര്‍ണാടക വനം മന്ത്രി രമാനാഥ റൈ, ആരോഗ്യ മന്ത്രി യു ടി ഖാദര്‍, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുറസ്സാഖ്, മൊയ്തീന്‍ ബാവ തുടങ്ങിയവര്‍ മുഖ്യാഥിതികളായിരുന്നു.