Connect with us

Kasargod

കുടുംബശ്രീ പദ്ധതി പഠിക്കാന്‍ ജാര്‍ഖണ്ഡ് സംഘം ജില്ലയില്‍

Published

|

Last Updated

കാസര്‍കോട്: കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ ജാര്‍ഖണ്ഡില്‍നിന്നും പത്തംഗ സംഘം ജില്ലയിലെത്തി. കുടുംബശ്രീ മാതൃക നടപ്പിലാക്കുന്നത് സംബന്ധിച്ച് പഠിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ കുടുംബശ്രീ യൂണിറ്റുകളില്‍ സന്ദര്‍ശനം നടത്തുകയും കുടുംബശ്രീ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും. ജാര്‍ഖണ്ഡിലെ റാഞ്ചി, പാക്കൂര്‍, വെസ്റ്റ് സിന്‍ഹോം എന്നീ മൂന്നു ജില്ലകളില്‍നിന്നുള്ള സീതാദേവി, നിപന്‍ ചന്ദ്ര, ഗോലക്‌നാഥ് മണ്ടല്‍, സന്തോഷ്‌കുമാര്‍, മെന്‍ഷന്‍ കുഞ്ചു, നസീമ, ദീപിക എംപ്രം, ഷിംലകുമാരി, പപ്പുകുമാര്‍ എന്നിവരടങ്ങിയ പത്തംഗ സംഘം ജില്ല കുടുംബശ്രീ ഓഫീസില്‍ അധികൃതരുമായി ചര്‍ച്ച നടത്തി. സംസ്ഥാന കുടുംബശ്രീ മിഷന്‍ ജാര്‍ഖണ്ഡില്‍ നിയമിച്ച മെന്റര്‍ മൈക്രോ കണ്‍സള്‍ട്ടന്റ് ബി രാജേഷ്, സുധാകര്‍ ഷെട്ടി എന്നിവരും സംഘത്തെ അനുഗമിക്കും. ഈമാസം 30ന് ജാര്‍ഖണ്ഡ് സ്റ്റേറ്റ് ലൈവ്‌ലി ഹുഡ് പ്രമോഷന്‍ സൊസൈറ്റിയുടെ സി ഇ ഒ വിനയ് പാണ്ടെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ രാജീബ് എം എന്നിവരും ജില്ലയിലെത്തി കുടുംബശ്രീ നടത്തുന്ന വിവിധ സംരംഭങ്ങളെ വിലയിരുത്തും.