ഡോക്ടര്‍മാരുടെ അഭാവം രോഗികളെ വലക്കുന്നു

Posted on: January 28, 2014 12:59 am | Last updated: January 27, 2014 at 9:59 pm

കാഞ്ഞങ്ങാട്: പനി ബാധിച്ച് ജില്ലാശുപത്രിയില്‍ ചികിത്സക്കെത്തിയ കുട്ടികള്‍ ഡോക്ടറില്ലാതെ വലഞ്ഞു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ രോഗികള്‍ ബഹളം വെച്ചു. ഇന്നലെ രാവിലെയാണ് സംഭവം.
പനി ബാധിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ രണ്ട് വയസ്സുകാരനെ പിതാവ് രാവിലെ ജില്ലാശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടര്‍ എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനിടെ പനി മൂര്‍ഛിച്ച് കുട്ടി ആശുപത്രിയില്‍ തളര്‍ന്നുവീഴുകയും ചെയ്തു.
ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ കുട്ടിയെ ചികിത്സിക്കാന്‍ തയ്യാറാവുകയായിരുന്നു. പനിബാധിച്ച് ഇന്നലെ രാവിലെ ജില്ലാശുപത്രിയില്‍ ചികിത്സക്കെത്തിയ കുന്നുംകൈ സ്വദേശി മുനീറിന് ഡോക്ടറില്ലാതിരുന്നതിനാല്‍ ചികിത്സ ലഭിച്ചില്ല.
നേരത്തെ മുനീര്‍ ആശുപത്രിയിലേക്ക് വിളിച്ചപ്പോള്‍ ഡോക്ടര്‍ ഉണ്ടെന്നായിരുന്നു അറിയിച്ചിരുന്നത്. ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടര്‍ ഇല്ലെന്ന് വ്യക്തമായത്. ഭീമമായ വാടക നല്‍കി ഓട്ടോയിലാണ് മുനീര്‍ കഷ്ടപ്പെട്ട് ആശുപത്രിയിലെത്തിയത്.
രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ജില്ലാശുപത്രിയില്‍ ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. മതിയായ ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതില്‍ പ്രകോപിതാരായ രോഗികള്‍ ആശുപത്രിയില്‍ ബഹളം വെച്ചു. ജില്ലാശുപത്രിയില്‍ പലപ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലെന്ന പരാതികള്‍ ശക്തമാവുകയാണ്.