സൂര്യനെ വെല്ലാന്‍ നട്ടുച്ചയ്ക്കും തെരുവ് വിളക്കുകള്‍ മിന്നുന്നു

Posted on: January 28, 2014 12:58 am | Last updated: January 27, 2014 at 9:59 pm

കാസര്‍കോട്: വൈദ്യുതി ഉപഭോഗം കുറക്കണമെന്ന് നാള്‍ക്കുനാള്‍ മുന്നറിയിപ്പ് നല്‍കുന്ന അധികൃതര്‍ തന്നെ ഇക്കാര്യം വിസ്മരിച്ചതിനാല്‍ നഗരത്തില്‍ ഇന്നലെ നട്ടുച്ചവരെ തെരുവുവിളക്കുകള്‍ മിന്നി. ഒരുപക്ഷേ ഈ വിളക്കുകള്‍ സൂര്യനെ വെല്ലുമോയെന്ന് പരീക്ഷണത്തിനായിരിക്കാം ഇത്തരത്തില്‍ അധികൃതരെ ചിന്തിപ്പിച്ചത്. ഇതുമൂലം കാസര്‍കോട് നഗരത്തില്‍ ഇന്നലെ പകലും വൈദ്യുതി വിളക്ക് കത്തി നിന്നു. അണങ്കൂര്‍ മുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് വരെ ദേശീയപാതയെ കീറിമുറിക്കുന്ന ഡിവൈഡറില്‍ സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകളാണ് ഉച്ചയായിട്ടും അണയാതെ സൂര്യന്റെ വെളിച്ചത്തിനിടയിലും കത്തി നിന്ന് പ്രകാശം ചൊരിഞ്ഞത്.
വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനായി മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ നല്‍കുകയും എന്നാല്‍, തങ്ങള്‍ക്കിത് ബാധകമല്ലെന്നുള്ള രീതിയിലാണ് അധികൃതരുടെ സമീപനം. മാത്രമല്ല, പൊതുജനങ്ങളെ വൈദ്യുതി നിയന്ത്രണമെന്ന രീതിയില്‍ ദ്രോഹിക്കുന്ന സമീപനവും ചിലപ്പോള്‍ അധികൃതര്‍ സ്വീകരിക്കാറുണ്ട്. ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുകയും ചെയ്യുന്ന സമീപനമാണ് വൈദ്യുതി അധികൃതര്‍ സ്വീകരിക്കുന്നത്. നഗരത്തിലും പരിസരപ്രദേശങ്ങളിലും അധികൃതരുടെ അനാസ്ഥമുലം ഇടയ്ക്കിടെ ഇത്തരത്തില്‍ തെരുവ് വിളക്കുകള്‍ കത്തിനില്‍ക്കാറുണ്ട്. എന്നാല്‍ ഇവ അണക്കുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടാകാറില്ല.
വൈദ്യുതി അമൂല്യമാണെന്ന നാള്‍ക്കു നാള്‍ പ്രചരിപ്പിക്കുന്ന പരസ്യവാക്യത്തെപ്പോലും ലജ്ജിപ്പിക്കുന്ന സമീപനം സ്വീകരിക്കുന്ന അധികൃതരുടെ നിലപാട് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ ഈ നിസ്സംഗതമൂലം പാഴാകുന്ന വൈദ്യുതി നഷ്ടം അധികൃതരില്‍നിന്നു തന്നെ ഈടാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.