ഒഴുക്ക് തടയാന്‍ ബി ജെ പി വീടുകയറി പ്രചാരണത്തിന്

Posted on: January 27, 2014 11:46 pm | Last updated: January 27, 2014 at 11:46 pm

BJPകണ്ണൂര്‍: ‘നമോവിചാര്‍ മഞ്ച്’ വിട്ട് സി പി എമ്മില്‍ ചേരുന്ന മുന്‍ ബി ജെ പി നേതാക്കളെയും പ്രവര്‍ത്തകരെയും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് പാനൂരില്‍ സ്വീകരിക്കും. വൈകുന്നേരം അഞ്ചിന് സി പി എം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാനൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് സ്വീകരണ സമ്മേളനം നടക്കുന്നത്.
ബി ജെ പി മുന്‍ ദേശീയ സമിതിയംഗവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ ഒ കെ വാസു, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സി പി എമ്മില്‍ ചേരും. സി പി എമ്മിലേക്ക് വരുന്നവരാരും അനാഥരാകില്ലെന്ന് സി പി എം നേതാക്കള്‍ പറഞ്ഞു.
നമോവിചാര്‍ മഞ്ചില്‍ നിന്ന് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സി പി എമ്മിലേക്ക് കടന്നുവരുന്നതിനെ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും എതിര്‍ക്കുന്നത് അസഹിഷ്ണുത കൊണ്ടാണെന്നും സി പി എമ്മിന്റെ ജനകീയാടിത്തറ വിപുലീകരിക്കപ്പെടുകയാണെന്ന സത്യം തിരിച്ചറിഞ്ഞ് ഒരു വിഭാഗം മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും നേതാക്കള്‍ പറയുന്നു. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് മുന്‍ ബി ജെ പി നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ സി പി എമ്മിലേക്ക് സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇന്നത്തെ പാനൂരിലെ പരിപാടിക്കുശേഷം സി പി എമ്മിലേക്കു മറ്റു പാര്‍ട്ടികളില്‍ നിന്ന് നിരവധിപേര്‍ കടന്നുവരുമെന്നും നേതാക്കള്‍ അവകാശപ്പെട്ടു.
അതിനിടെ, പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ ബി ജെ പി-ആര്‍ എസ് എസ് നേതാക്കള്‍ വീടുകയറി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബി ജെ പി അഖിലേന്ത്യാ സെക്രട്ടറി പി കെ കൃഷ്ണദാസ്, അഡ്വ. രത്‌നാകരന്‍, ആര്‍ എസ് എസ് ജില്ലാ നേതാവ് വി ശശിധരന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ചെറുവാഞ്ചേരി മേഖലയില്‍ ഗൃഹ സന്ദര്‍ശനം നടത്തി. ബി ജെ പിയുടെ ശക്തികേന്ദ്രമായ ഇവിടെ നിന്ന് മുന്‍ ജില്ലാ സെക്രട്ടറി എ അശോകന്റെ നേതൃത്വത്തില്‍ ആയിരത്തിലധികം പ്രവര്‍ത്തകര്‍ സി പി എമ്മിലേക്ക് പോകാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് വീടുകയറി പ്രചാരണം ആരംഭിച്ചത്.
അതേ സമയം, മുന്‍ ജില്ലാ പ്രസിഡന്റ് ഒ കെ വാസു, ജനറല്‍ സെക്രട്ടറി അശോകന്‍ എന്നിവരെ അനുനയിപ്പിക്കാന്‍ ബി ജെ പി-ആര്‍ എസ് എസ് നേതാക്കളെത്തി. ബി ജെ പി ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസ്, സംഘടനാ സെക്രട്ടറി ഉമാകാന്തന്‍, ആര്‍ എസ് എസ് നേതാവ് സുദര്‍ശന്‍ എന്നിവര്‍ അശോകനെ വീട്ടിലെത്തി കണ്ടു. തുടര്‍ന്ന് വാസുവിന്റെ വീട്ടിലും നേതാക്കള്‍ എത്തിയെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല.
പിന്നീട് വാസുവിന്റെ അടുത്ത അനുയായി രതീന്ദ്രനെയും നേതാക്കള്‍ കണ്ടു. കൊല്ലപ്പെട്ട യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി ജയകൃഷ്ണന്റെ മാതാവ് കൗസല്യയും അശോകനെ വീട്ടിലെത്തി കണ്ടിരുന്നു. ബി ജെ പി-ആര്‍ എസ് എസ് നേതൃത്വത്തിലെ ഏത് ഉന്നതര്‍ വന്നുപറഞ്ഞാലും സി പി എമ്മില്‍ ചേരാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഒ കെ വാസുവും എ അശോകനും പറഞ്ഞു.
കൊല്ലന്റെ ആലയില്‍ സൂചി വില്‍ക്കാന്‍ ബി ജെ പി-ആര്‍ എസ് എസ് നേതൃത്വം ശ്രമിക്കേണ്ട. ആര്‍ എസ് എസുകാര്‍ തങ്ങളെ മര്‍ദിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ കാണാന്‍ ശ്രമിക്കുന്ന നേതാക്കള്‍ ആരും തന്നെ അന്ന് ഫോണില്‍ പോലും ബന്ധപ്പെട്ടിരുന്നില്ല.
കാല്‍ക്കീഴിലെ മണ്ണ് ഇളകിത്തുടങ്ങിയെന്ന് തിരിച്ചറിഞ്ഞതോടെയാണ് നേതാക്കള്‍ അനുനയത്തിന്റെ പേരില്‍ രംഗത്തിറങ്ങിയിരിക്കുന്നത്. സി പി എം നേതൃത്വത്തിനു തങ്ങള്‍ കൊടുത്ത വാക്ക് പാലിക്കുക തന്നെ ചെയ്യുമെന്നും ഇരുവരും പറഞ്ഞു.