വെള്ളക്കര റെഗുലേറ്ററി അതോറിറ്റി: സര്‍ക്കാര്‍ പിന്മാറി; ബില്‍ പിന്‍വലിച്ചു

Posted on: January 27, 2014 11:36 pm | Last updated: January 27, 2014 at 11:36 pm

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മാതൃകയില്‍ വെള്ളക്കരം നിശ്ചയിക്കാന്‍ റഗുലേറ്ററി അതോറിറ്റിയെ നിയോഗിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. പ്രതിപക്ഷത്തിനൊപ്പം ഭരണ മുന്നണിയില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ ഇതിനായി നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ ബില്‍ നിയമസഭയില്‍ പാസാകുമോയെന്ന ആശങ്കയും ഈ തീരുമാനമെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് കേരള സംസ്ഥാന ജലവിഭവ റഗുലേറ്ററി അതോറിറ്റി ബില്‍ സഭയില്‍ അവതരിപ്പിച്ചിരുന്നത്. ചര്‍ച്ചകള്‍ക്ക് ശേഷം അന്ന് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ട ബില്‍ പാസാക്കുന്നതിനായി പിന്നെ സഭയിലെത്തിയിരുന്നില്ല. ഇതിനിടെയാണ് ബില്‍ പിന്‍വലിക്കാന്‍ കഴിഞ്ഞ 21ന് ചേര്‍ന്ന സബ്ജക്ട് കമ്മിറ്റി യോഗം തീരുമാനിച്ചത്. ബില്ലിനെതിരെ സബ്ജക്ട് കമ്മിറ്റിയിലും കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്.

വൈദ്യുതി നിരക്ക് നിശ്ചയിക്കാന്‍ റഗുലേറ്ററി കമ്മീഷനെ നിയോഗിച്ച മാതൃകയില്‍ വെള്ളക്കരം നിശ്ചയിക്കാന്‍ സംസ്ഥാനങ്ങളില്‍ റഗുലേറ്ററി അതോറിറ്റി വേണമെന്ന നിര്‍ദേശം ധനകാര്യ കമ്മീഷനാണ് മുന്നോട്ടു വെച്ചത്. ഇതനുസരിച്ചാണ് റഗുലേറ്ററി അതോറിറ്റിയുണ്ടാക്കാന്‍ തീരുമാനിച്ചതും ബില്ലിന് രൂപം നല്‍കി സഭയില്‍ അവതരിപ്പിച്ചതും.
വെള്ളത്തിന്റെ താരിഫ് തീരുമാനിക്കുന്നതിന് ഉള്‍പ്പെടെ റഗുലേറ്ററി അതോറിറ്റിക്ക് അധികാരം നല്‍കുമെന്നായിരുന്നു വ്യവസ്ഥ. ഗാര്‍ഹികവും കാര്‍ഷികവും വ്യാവസായികവുമായ ആവശ്യങ്ങള്‍ക്കുള്ളതിന്റെയും കുടിവെള്ളത്തിന്റെയും നിരക്ക് നിശ്ചയിക്കുന്നതിനൊപ്പം നിയന്ത്രണവും വിതരണവുമെല്ലാം അതോറിറ്റിയുടെ കീഴിലാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ജലവിതരണത്തിന്റെ സുസ്ഥിരവും ശാസ്ത്രീയവുമായ പരിപാലനം ഉറപ്പാക്കുന്നതും ജലമേഖലയിലെ ചെലവും വരുമാനവും ആനുകാലികമായി പുനരവലോകനം ചെയ്യാനും അതോറിറ്റിക്ക് അധികാരം നല്‍കിയിരുന്നു.
തിരുവനന്തപുരം ആസ്ഥാനമായി വരുന്ന അതോറിറ്റിക്ക് ചെയര്‍മാന്‍ ഉള്‍പ്പെടെ മൂന്നംഗങ്ങളെയാണ് വ്യവസ്ഥ ചെയ്തിരുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ ചീഫ് എന്‍ജിനീയര്‍ പദവിയിലുള്ള ആളെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നത്. ജലവിഭവ എന്‍ജിനീയറിംഗ് മേഖലയിലെ വിദഗ്ധനെയും സര്‍ക്കാര്‍ കോളജില്‍ പ്രൊഫസര്‍ പദവിയില്‍ താഴെയല്ലാത്ത ജലവിഭവ മേഖലയിലെ ഒരു വിദ്യാഭ്യാസ വിദഗ്ധനെയും അംഗമാക്കാനും നിര്‍ദേശിച്ചിരുന്നു.
വിവിധ വിഭാഗങ്ങളിലുള്ള ഉപയോക്താക്കളുടെ ജല ആവശ്യകത വാര്‍ഷിക അടിസ്ഥാനത്തിലോ കാലിക അടിസ്ഥാനത്തിലോ അതോറിറ്റി തീരുമാനിക്കുമെന്നും പദ്ധതി മാനേജ്‌മെന്റിന്റെ ഭരണ നിര്‍വഹണം, പ്രവര്‍ത്തനവും കേടുപാടും തീര്‍ക്കല്‍ എന്നിവ അടിസ്ഥാനമാക്കി ഗുണഭോക്താക്കളുടെ അഭിപ്രായം തേടിയ ശേഷം നിരക്ക് നിശ്ചയിക്കാമെന്നുമായിരുന്നു ബില്ലിലെ വ്യവസ്ഥ.
എന്നാല്‍, നിയമം വരുന്നതോടെ വെള്ളക്കരം നിശ്ചയിക്കുന്നതിനുള്ള സര്‍ക്കാറിനുള്ള അധികാരം നഷ്ടപ്പെടുമെന്ന ആശങ്ക ഉയര്‍ന്നു. ബില്‍ അവതരിപ്പിച്ച ഘട്ടത്തില്‍ പ്രതിപക്ഷം ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. ബില്ലിനെതിരെ കോണ്‍ഗ്രസിലെ ഹരിത എം എല്‍ എമാരും രംഗത്തു വന്നു. ഇതോടെയാണ് ബില്‍ പിന്‍വലിക്കാന്‍ സബ്ജക്ട് കമ്മിറ്റി തീരുമാനിച്ചത്.
പൊതുജനങ്ങളില്‍ നിന്ന് തെളിവെടുപ്പ് നടത്തി ഭേദഗതിയോടെ ബില്‍ കൊണ്ടുവരാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ബില്‍ തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു.