കാന്തപുരത്തിന് അല്‍ ഐന്‍ പൗരാവലിയുടെ ആദരം

Posted on: January 27, 2014 11:39 am | Last updated: January 27, 2014 at 11:39 am

Mail 01

അല്‍ ഐന്‍: വിദ്യാഭ്യാസ-സാംസ്‌കാരിക-ജീവ കാരുണ്യ-തൊഴില്‍ ദാന മേഖലയില്‍ അഞ്ചു പതിറ്റാണ്ടിലധികം നിറസാന്നിധ്യമായി നിലകൊള്ളുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് അല്‍ ഐന്‍ പൗരാവലി നല്‍കിയ ആദരം പ്രോജ്വലമായി.
അനാഥ സംരക്ഷണ രംഗത്തും മത-സാംസ്‌കാരിക- വൈജ്ഞാനിക മേഖലകളിലും കാന്തപുരം നല്‍കുന്ന സംഭാവനകള്‍ മഹത്വവും മാതൃകാപരവുമാണെന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ പറഞ്ഞു. അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അങ്കണത്തിലെ പ്രൗഢമായ വേദിയില്‍ നിരവധി അറബ് പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.
പൗരാവലിയുടെ ഉപഹാരം അല്‍ ഐന്‍ അഡ്‌നോക് റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് ഖമീസ് അല്‍ ദാഹിരിയും പി പി എ കുട്ടി ദാരിമിയും സമര്‍പ്പിച്ചു. ഐ എസ് സി ജനറല്‍ സെക്രട്ടറി ടി നാരായണന്‍ കുട്ടി (ജിമ്മി) ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി മുഖ്യപ്രഭാഷണം നടത്തി. നാസര്‍ മുഹമ്മദ് അലി, (അഡ്‌നോക്) മുഹമ്മദ് റാശിദ് അല്‍ ദാഹിരി (മുറൂര്‍) അഹമ്മദ് അബ്ദുല്ല അല്‍ കഅബി, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, വി സി അബ്ദുല്ല സഅദി (ഐ സി എഫ്) ഈസ സാഹിബ് (ഐ എസ് സി) രാജു പി ജോര്‍ജ് (മാര്‍ത്തോമ ചര്‍ച്ച്) ഫാദര്‍ ഡാനിയേല്‍ (സെന്റ് ജോര്‍ജ് ചര്‍ച്ച്), റസല്‍ മുഹമ്മദ് (ഐ എസ് സി) മണികണ്ഠന്‍ (മലയാളി സമാജം) അബ്ദുര്‍റസാഖ് മാറഞ്ചേരി (ആര്‍ എസ് സി) നാസര്‍ കൊടിയത്തൂര്‍ സംസാരിച്ചു.
ഇസ്‌ലാം നീതിയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്ന് കാന്തപുരം പറഞ്ഞു. മതത്തെക്കുറിച്ച് പഠിക്കാത്തവരാണ് ഇസ്‌ലാമിന്റെ പേരില്‍ ഭീകരവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നത്. അത് നിരുത്സാഹപ്പെടുത്തണം. പ്രവാസികളോട് യു എ ഇ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നിലപാടുകള്‍ പ്രശംസനീയമാണെന്നും പ്രവാസികള്‍ ഈ രാജ്യത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.
പരിപാടി ശ്രവിക്കാന്‍ അല്‍ ഐന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനു ആളുകളാണ് ഐ എസ് സിയില്‍ എത്തിയത്. സമീപകാലത്ത് അല്‍ ഐനില്‍ നടന്ന വലിയ പരിപാടികളിലൊന്നായി മാറി കാന്തപുരത്തെ ആദരിക്കുന്ന ചടങ്ങ്.