ഖത്തര്‍ ഇന്ത്യന്‍ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Posted on: January 27, 2014 6:00 am | Last updated: January 27, 2014 at 11:00 am

republic day

ദോഹ: ഇന്ത്യയുടെ അറുപത്തി അഞ്ചാമത് റിപ്പബ്ലിക് ദിനം ഖത്തറിലെ ഇന്ത്യന്‍ സമൂഹം സമുചിതമായി ആഘോഷിച്ചു. ഹിലാലിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷപരിപാടികളില്‍ നൂറുക്കണക്കിന് പേരാണ് സംബന്ധിച്ചത്. അംബാസഡര്‍ സഞ്ജീവ് അറോറ ദേശീയ പതാക ഉയര്‍ത്തി. ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ദേശീയ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡര്‍ വായിച്ചു. ജനാധിപത്യത്തെ കാര്‍ന്നു തിന്നുന്ന തരത്തില്‍ അഴിമതി വളരുന്നത് നല്ല സൂചനയല്ലെന്നും അഴിമതിമുക്ത ഭാരതം നമ്മുടെ ലക്ഷ്യമാവണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഈ വര്‍ഷം ഒരു പൊതുതെരെഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. വെറും വാഗ്ദാനങ്ങള്‍ക്കുള്ള വേദിയായി തെരഞ്ഞെടുപ്പുകള്‍ മാറാന്‍ പാടില്ലെന്നും നല്ല ഇന്ത്യക്കായി നമുക്കൊന്നായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.