Connect with us

Kerala

എന്‍ഡോസള്‍ഫാന്‍ സമരം രണ്ടാം ദിവസത്തില്‍; ചര്‍ച്ചക്ക് തയാറെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. സമരക്കാര്‍ തയാറാണെങ്കില്‍ സര്‍ക്കാര്‍ ചര്‍ച്ചക്കൊരുക്കമാണ്. ഇതിനായി കൃഷിമന്ത്രി കെ പി മോഹനനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ സമരം നാടിന്റെ ദുഃഖമായിക്കണ്ട് പ്രശ്‌നപരിഹാരത്തിന് സാധ്യമായതെല്ലാം ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസിന് മുന്നില്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. 50 കുടുംബങ്ങളിലെ ഇരകളും അമ്മമാരുമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ കഞ്ഞിവെപ്പ് സമരം നടത്തുന്നത്.

സര്‍ക്കാറിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക, രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, ചികിത്സാ സഹായം നല്‍കുക, കടങ്ങള്‍ എഴുതിത്തള്ളുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

നേരത്തെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. തൃക്കരിപ്പൂര്‍ എം എല്‍ എ പി കുഞ്ഞിരാമനാണ് നോട്ടീസ് നല്‍കിയത്. മനുഷ്യാകവാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് പ്രതിപക്ഷം അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ ജനങ്ങള്‍ മാറിനില്‍ക്കേണ്ടിയിരുന്നു എന്ന് പറഞ്ഞ ജസ്റ്റിസ് രാമചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തള്ളണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

തങ്ങള്‍ സര്‍ക്കാറിന്റെ ഏത് പ്രതിനിധിയുമായും ചര്‍ക്ക് തയ്യാറാണെന്ന് സമരസമിതി കണ്‍വീനര്‍ അറിയിച്ചു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ സഹായവിതരണം സംബന്ധിച്ച് മുഖ്യമന്ത്രി കേരളജനതയെ തെറ്റിധരിപ്പിച്ചുവെന്നും കണ്‍വീനര്‍ അറിയിച്ചു. കൃഷിമന്ത്രിയല്ല മുഖ്യമന്ത്രി നേരിട്ട് തന്നെ ചര്‍ച്ചക്കെത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു.

Latest