വിനോദ് കുമാര്‍ ബിന്നി നിരാഹാര സമരം പിന്‍വലിച്ചു

Posted on: January 27, 2014 4:45 pm | Last updated: January 27, 2014 at 11:04 pm

binny

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് നിരാഹാര സമരം നടത്തിയ ആം ആദ്മി പാര്‍ട്ടി വിമതന്‍ വിനോദ് കുമാര്‍ ബിന്നി നിരാഹാര സമരം അവസാനിപ്പിച്ചു. വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലാരോപിച്ചായിരുന്നു ബിന്നിയുടെ സമരം. കെജരിവാളിന് പത്ത് ദിവസം കൂടി സമയം അനുവദിക്കുന്നു എന്ന് പറഞ്ഞാണ് ബിന്നി സമരം അവസാനിപ്പിച്ചത്.

പാര്‍ട്ടിക്കും അരവിന്ദ് കെജരിവാളിനുമെതിരെ ആരോപണങ്ങളുന്നയിച്ചതിനാണ് വിനോദ് കുമാര്‍ ബിന്നിയെ ആം ആദ്മി പാര്‍ട്ടി പുറത്താക്കിയത്. നിരാഹാര സമരം തുടങ്ങുന്നതിന് മുമ്പ് ബിന്നി ലഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വംശീയാധിക്ഷേപം നടത്തിയ സോമനാഥ് ഭാരതിക്കെതിരെ നടപടിയെടുക്കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ബിന്നി പറഞ്ഞു.

മന്ത്രിസ്ഥാനം നല്‍കാത്തതിന്റെ പേരിലാണ് ബിന്നി ആദ്യം പാര്‍ട്ടിയുമായി ഇടഞ്ഞത്. പിന്നീട് അദ്ദേഹത്തെ അനുനയിപ്പിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നെങ്കിലും അദ്ദേഹം വീണ്ടും വിമര്‍ശനങ്ങളുമായി രംഗത്ത് വരികയായിരുന്നു. കെജരിവാള്‍ ഏകാധിപതിയാണെന്നും എ എ പി ജനങ്ങളെ വഞ്ചിക്കുകയാണെന്നും ബിന്നി ആരോപിച്ചു.

അതിനിടെ ബിന്നിക്ക് പിന്തുണയുമായി ബി ജെ പി രംഗത്തെത്തി. ബിന്നി ഉയര്‍ത്തിയ നിലപാടുകള്‍ പ്രസക്തമാണെന്ന് ബി ജെ പി നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ബിന്നി അധികാര മോഹിയാണെന്നും പാര്‍ട്ടിക്കും കെജരിവാളിനുമെതിരെ തിരിഞ്ഞ ബിന്നി ബി ജെ പിക്കാരെ പോലെയാണ് പെരുമാറുന്നതെന്നും എ എ പി നേതൃത്വം പ്രതികരിച്ചു.