‘ഐ എ ഒ എം 2016’ ഒമാനില്‍ നടക്കും

Posted on: January 26, 2014 3:25 pm | Last updated: January 26, 2014 at 3:25 pm

മസ്‌കത്ത്: മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഭക്ഷ്യ മേഖലയിലെ വലിയ സംഗമമായ ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് ഓപറേറ്റീവ് മില്ലേഴ്‌സ് (ഐ എ ഒ എം) 2016 എഡിഷന്‍ ഒമാനില്‍ നടക്കും. 27ാമത് സമ്മേളനത്തിന് ഒമാന് ആഥിത്യം വഹിക്കാനുള്ള അവസരം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന സംഗമത്തിന്റെ ഭാഗമായി പ്രദര്‍ശനവും നടക്കും. അഞ്ച് ദിവസങ്ങളിലായാണ് സമ്മേളനവും പ്രദര്‍ശനവും നടക്കുക. മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഭക്ഷ്യ ഉത്പാദന, വിതരണ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ കമ്പനികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൃഷി മേഖലയിലെ പ്രധാന സംഗമമായ ഐ എ ഒ എം വരും വര്‍ഷങ്ങളിലേക്കുള്ള ഉത്പാദനത്തിനുള്ള പദ്ധതികള്‍ തയാറാക്കും. 84 ദശലക്ഷം ടണ്‍ ധാന്യമാണ് നിലവില്‍ ഉത്പാദിപ്പിക്കുന്നത്. ആഗോള വിപണയില്‍ 29 ബില്യന്‍ ഡോളറിന്റെ ധാന്യമെത്തുന്നത് മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ്. വിപണിയുടെ 29 ശതമാനമാണിത്. വിവിധ രാജ്യങ്ങളും കമ്പനികളും തമ്മിലുള്ള ധാന്യ കൈമാറ്റത്തിനും സമ്മേളനം വേദിയാകും. നിക്ഷേപ പദ്ധതികള്‍ക്കും സമ്മേളനത്തില്‍ രൂപം നല്‍കും. ഭക്ഷ്യ മേഖലയിലെ രാജ്യാന്തര കമ്പികളില്‍ നിന്നുള്ള ആയിരത്തില്‍ പരം വിദഗ്ധരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.