പീച്ചി റോഡ് സഞ്ചാരയോഗ്യമാക്കിയില്ല 27 മുതല്‍ ഗതാഗതം തടയും: ആക്ഷന്‍ കൗണ്‍സില്‍

Posted on: January 26, 2014 5:49 pm | Last updated: January 26, 2014 at 3:17 pm

തൃശൂര്‍: തകര്‍ന്നു കിടക്കുന്ന പീച്ചിറോഡിനെ സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് 27 മുതല്‍ ഇതിലൂടെയുള്ള വാഹനഗതാഗതം തടയുമെന്ന് പീച്ചി റോഡ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
പീച്ചി റോഡിലൂടെയുള്ള വാഹനഗതാഗതം നിറുത്തി വെച്ചും കടകമ്പോളങ്ങള്‍ അടച്ചിട്ടും പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സമരം. അഞ്ച് വര്‍ഷമായി തുക അനുവദിച്ചിട്ടും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും റോഡ് നന്നാക്കാന്‍ നടപടിയായിട്ടില്ല. നിരവധി തവണ പ്രതിഷേധിച്ചപ്പോഴെല്ലാം ഇപ്പോള്‍ പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.
പ്രദേശത്തെ എം എല്‍ എയും വേണ്ട ഇടപെടല്‍ നടത്തിയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ തെരുവിലിറങ്ങുകയല്ലാതെ പോംവഴികളില്ലാതായ പശ്ചാത്തലത്തിലാണ് വാഹനഗതാഗതം തടയുന്ന സമരത്തിലേക്ക് ഇറങ്ങുന്നത്. 27ന് രാവിലെ ആറ് മുതല്‍ പീച്ചി റോഡിലൂടെ ഒരു വാഹനവും ഓടാന്‍ അനുവദിക്കില്ല. 8.30ന് പീച്ചി റൂട്ടിലോടുന്ന ബസുകള്‍, ഓട്ടോറിക്ഷകള്‍, ടാക്‌സി, ചരക്ക് വാഹനങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ എന്നിവ പീച്ചിയില്‍ നിന്ന് കലക്ടറേറ്റിലേക്ക് റാലി നടത്തുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ. മില്‍ട്ടന്‍ കാച്ചപ്പിള്ളിയും, കണ്‍വീനര്‍ തോമസ് പൊടിപ്പാറയും അറിയിച്ചു.