ആയിരം ഏക്കര്‍ കൃഷി നശിക്കുന്നു

Posted on: January 26, 2014 4:16 pm | Last updated: January 26, 2014 at 3:16 pm

ഇരിങ്ങാലക്കുട: ചീപ്പ് ബണ്ട് മണ്ണിട്ട് കെട്ടാത്തത് മൂലം കെ എല്‍ ഡി സി കനാലില്‍ നിന്ന് വെള്ളം കയറി ആയിരം ഏക്കറോളം സ്ഥലത്തെ തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിക്കുന്നതായ പരാതി.
കാക്കത്തുരുത്തി കുത്തുമാക്കല്‍ റെഗുലേറ്ററിന് തെക്കു ഭാഗത്തുള്ള തെങ്ങുകളും വാഴകളും പച്ചക്കറികളും കരപാടം നെല്‍കൃഷിയുള്‍പ്പെടെയാണ് നശിക്കുന്നത്. കുത്തുമാക്കല്‍ റെഗുലേറ്ററിന് സമീപം കെ എല്‍ ഡി സി കനാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചപ്പോള്‍ കാക്കത്തുരുത്തി ഫാം തോടിനും പള്ളിത്തോടിനും ഓരോ സ്ലൂയിസുകള്‍ നിര്‍മിച്ചിരുന്നു. കനാലില്‍ വെള്ളം ഉയരുന്ന സമയത്ത് ചാക്കുകളില്‍ മണ്ണ് നിറച്ച് ബണ്ട് കെട്ടി ഭദ്രമാക്കേണ്ടതായിരുന്നു. എല്ലാ വര്‍ഷവും ഇത് ചെയ്യാറാണ് പതിവ്.
കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ ഏറ്റെടുത്തു കെട്ടിയതിന്റെ പണം ഇതുവരെയും അനുവദിച്ച് കിട്ടിയിട്ടില്ല. കാക്കത്തുരുത്തി കേരകര്‍ഷക സംഘം ഈ വര്‍ഷം ഒരു മാസം മുമ്പ് പഞ്ചായത്തില്‍ ബണ്ട് കെട്ടുന്നതിനെ കുറിച്ച്് രേഖാമുലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
ഇതേ തുടര്‍ന്ന് കൃഷി ഭൂമിയില്‍ വെള്ളം കയറിയതോടെ ആയിരക്കണക്കിന് രൂപ ചിലവഴിച്ച്് തെങ്ങുകള്‍ക്കും വാഴകള്‍ക്കും മറ്റും നല്‍കിയ വളങ്ങളും ഉപകാരത്തില്‍ പെട്ടില്ലെന്ന്് കര്‍ഷകര്‍ പറയുന്നു.