Connect with us

Palakkad

21 വ്യവസായ സംരംഭങ്ങള്‍ക്ക് 1.53 കോടി അനുവദിച്ചു

Published

|

Last Updated

പാലക്കാട്: പ്രവര്‍ത്തനമാരംഭിച്ചതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ 21 വ്യവസായ സംരംഭങ്ങള്‍ക്ക് കെ എഫ് സി യും വിവിധ ബാങ്കുകളുമായി 153.07 ലക്ഷം രൂപ അനുവദിച്ചു.
കൂടാതെ സംസ്ഥാന സംരംഭക വികസന മിഷന്റെ ആഭിമുഖ്യത്തില്‍ ഉത്പാദന സേവനമേഖലയിലെ 118 യൂണിറ്റുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 17 എണ്ണം പ്രവര്‍ത്തന സജ്ജമായി.
30 യുവസംരംഭകര്‍ ചേര്‍ന്നാണ് യൂണിറ്റുകള്‍ ആരംഭിച്ചിരിക്കുന്നത്. നല്ല ആശയങ്ങളുളള യുവാക്കള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് www.kfc.org എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
ഫെബ്രുവരി അവസാനം അടുത്ത സെലക്ഷന്‍ കമ്മിറ്റി കൂടും. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ 2012 ല്‍ നിലവില്‍ വന്ന പദ്ധതി പ്രകാരം 18 നും 40 നും ഇടയില്‍ പ്രായമുളള അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കി 20 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കി സംരംഭക യൂണിറ്റുകള്‍ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളള യുവാക്കള്‍ക്ക് സംരംഭക യൂണിറ്റുകള്‍ തുടങ്ങാന്‍ 20 ലക്ഷം രൂപ വരെ ധനസഹായം നല്‍കും. ബി ടെക്, എം ബി എ, സി എ ബിരുദധാരികള്‍, മൂന്ന് വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമക്കാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി ടെക്‌നോക്രാറ്റ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഒറ്റക്ക് 10 ലക്ഷവും രണ്ട് പേര്‍ക്ക് 20 ലക്ഷം രൂപയും അനുവദിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കെ എഫ് സിയുടെ ജില്ലാ ഓഫീസുമായോ പ്രൊജക്ട് എക്‌സിക്യൂട്ടീവുമായോ ബന്ധപ്പെടുക. ഫോണ്‍ : 0491 2544641, 2544638, 8089807672.