റിപ്പബ്ലിക്ദിന പരേഡില്‍ മന്ത്രി ജയലക്ഷ്മി സല്യൂട്ട് സ്വീകരിക്കും

Posted on: January 26, 2014 6:08 am | Last updated: January 26, 2014 at 3:09 pm

കല്‍പ്പറ്റ: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌കൂളില്‍ നടക്കുന്ന പരേഡില്‍ പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.35 ന് മന്ത്രി ദേശീയ പതാകയുയര്‍ത്തും. 8.40ന് പരേഡ് പരിശോധിക്കും. പോലീസ്, വനം, എക്‌സൈസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ തുടങ്ങിയ സായുധസേനാ വിഭാഗങ്ങള്‍, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവയുടെ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. പരേഡിന് ശേഷം മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. തുടര്‍ന്ന് ജവഹര്‍ നവോദയ സ്‌കൂള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം അവതരിപ്പിക്കും. പരേഡില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്ലാറ്റൂണുകള്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ സമ്മാനിക്കും.
സ്റ്റുഡന്റ് പോലീസ് കേഡ്റ്റ് പ്രോജക്റ്റിന്റെ നേത്യത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ ബാന്റ് ടീം ഞായറാഴ്ച്ച കല്‍പ്പറ്റയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനപരേഡില്‍ അരങ്ങേറ്റം കുറിക്കുന്നു. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കാണ് എസ്പിസിയുടെ പ്രഥമബാന്റ് ടീമില്‍ അംഗങ്ങളാകാന്‍ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ജാനമൈത്രി പോലീസും സ്‌കൂള്‍ വികസന സമിതിയും പിടിഏയും ചേര്‍ന്നാണ് ബാന്റ് ടീമിനുവേണ്ട ഫണ്ട് സ്വരൂപിച്ചത്.
വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ചിരകാല സ്വപ്‌നങ്ങളിലൊന്നാണ് ഇതോടെ പൂവണിയുന്നത്. അരങ്ങേറ്റത്തിനു മുന്നോടിയായി മാനന്തവാടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഏ.ആര്‍.പ്രേംകുമാര്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുകയും അഭിവവാദ്യം സ്വീകരിക്കുകയും ചെയ്തു. എസ്പിസി ജില്ലാ നോഡല്‍ ഓഫീസര്‍ വി യു കുര്യാക്കോസ്, ലെയ്‌സണ്‍ ഓഫീസര്‍ പി എല്‍ ഷൈജു സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ അബ്ദുല്‍ അസീസ് ആര്‍ സുരേന്ദ്രന്‍, ഡിലിന്‍ സത്യനാഥ് പിറ്റിഎ പ്രസിഡന്റ് ശാരദസജീവന്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജില്ലാ സായുധസേനയിലെ സബ് ഇന്‍പെക്ടര്‍ ജോസഫ് ആണ് കുട്ടികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ പരേഡില്‍ പങ്കെടുത്ത് അരങ്ങേറ്റം കുറിക്കാനുള്ള ആവേശത്തിലാണ് ഈ കുട്ടിപ്പോലീസ് സംഘം.