Connect with us

Wayanad

വിജ്ഞാനച്ചെപ്പ് തുറന്ന് ദേശീയ ശാസ്ത്ര പ്രദര്‍ശനം 27 മുതല്‍

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച് 27 മുതല്‍ 31 വരെ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ “ശാസ്ത്രജാലകം-നാഷണല്‍ സയന്‍സ് എക്‌സ്‌പോ” എന്ന പേരില്‍ ശാസ്ത്രപ്രദര്‍ശനം നടക്കും. 27ന് പ്രദര്‍ശനം പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും.
ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ശാസ്ത്ര കോണ്‍ഗ്രസ് പ്രസിഡന്റുമായ വി എന്‍ രാജശേഖരന്‍ പിള്ള അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, ജില്ലാ കലക്ടര്‍ കെ ജി രാജു, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി പി ആലി, ആന്ധ്ര പ്രദേശ് ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി വൈ നാഗേഷ്‌കുമാര്‍, ഡോ. പി ജി ലത, പ്രൊഫ. ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ സംസാരിക്കും.
ഐ എസ് ആര്‍ ഒ, വിക്രംസാരാഭായി സ്‌പേസ് സെന്റര്‍, ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍, ബോട്ടാണിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ, ഡി ആര്‍ ഡി ഒ, ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍, ഡബ്ല്യു.ഡബ്ല്യു.എഫ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, തപാല്‍ വകുപ്പ്, ടീബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീഡ്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി, സി-ഡിറ്റ്, സി പി സി ആര്‍ ഐ, സി റ്റി സി ആര്‍ ഐ, സി എം എഫ് ആര്‍ ഐ, നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്, സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും കുടുംബശ്രീ, വനംവകുപ്പ്, ബാംബൂ കോര്‍പ്പറേഷന്‍, സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
അറുപതിലധികം സ്ഥാപനങ്ങളുടെ ഏകദേശം നൂറോളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാകും. വിജ്ഞാനത്തിനും വിനോദത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന പ്രദര്‍ശനത്തിനുള്ള പ്രവേശനം സൗജന്യമാണെന്ന് ശാസ്ത്ര കോണ്‍ഗ്രസ്സ് കണ്‍വീനര്‍ കൂടിയായ ഡോ. എന്‍.എസ്. പ്രദീപ് അറിയിച്ചു. പ്രദര്‍ശനത്തിന്റെ ഭാഗമായി പാരമ്പര്യ വിജ്ഞാനം വിഷയമാക്കി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെയും വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തിലെയും മികച്ചവ ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും.