Connect with us

Wayanad

വൈത്തിരി കാര്‍ഷിക വികസന ബേങ്ക് തിരഞ്ഞെടുപ്പ്: എല്‍ ഡി എഫ് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് യു ഡി എഫ്‌

Published

|

Last Updated

കല്‍പ്പറ്റ: കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി വൈത്തിരി പ്രാഥമിക കാര്‍ഷിക ഗ്രാമ വികസനബാങ്ക് ഭരിക്കുന്ന എല്‍ ഡി എഫ് അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് യു ഡി എഫ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബേങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയപ്രതീക്ഷയിലാണ്.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ഇത്തവണ 13 സീറ്റുകളില്‍ 12ലും യു ഡി എഫ് കരുത്തരായ സ്ഥാനാര്‍ഥികളെയാണ് അണിനിരത്തുന്നത്. മത്സരം മുറുകുന്നതോടെ ഇത്തവണ എല്‍ ഡി എഫിന് തിരഞ്ഞെടുപ്പ് കീറാമുട്ടിയാകും. കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ അനുമതിയില്ലാതെ സി പി എമ്മിന് സ്വാധീനമുള്ള ബാങ്കുകളിലും ധനലക്ഷ്മി ബാങ്കിലും ഒക്കെയായി നിക്ഷേപിച്ചിരിക്കുകയാണ്.
ഈ കൃത്രിമങ്ങള്‍ കണ്ടെത്താതിരിക്കാന്‍ കംപ്യൂട്ടര്‍ തകരാറിലാക്കുന്നതും പതിവാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ കംപ്യൂട്ടര്‍ തകരാര്‍ എന്ന് കാണിച്ചിരിക്കുന്നത് കാണാവുന്നതാണ്. സി പി എമ്മിന്റെ നേതൃത്വത്തില്‍ ഈ ബാങ്കിനെ രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിക്കും പോഷകസംഘടനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിച്ചുകൊടുക്കുന്ന സ്ഥാപനമാക്കി ബാങ്കിനെ മാറ്റിയിരിക്കുന്നു. വര്‍ഷാവര്‍ഷം ഈ ബാങ്കിലെ അംഗങ്ങള്‍ക്ക് പാരിതോഷികം നല്‍കുന്നതിനായി വാങ്ങുന്ന ആയിരക്കണക്കിന് ഡയറി, ബാഗ് എന്നിവ പാര്‍ട്ടി സെമിനാറുകളില്‍ വിതരണം നടത്തുന്നതും പതിവാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സഹകരണബാങ്കുകള്‍ ഇപ്പോള്‍ കുടിശ്ശിക നിവാരണ പദ്ധതി നടപ്പിലാക്കുകയാണ്. എന്നാല്‍ ഈ ബാങ്കില്‍ ഇതൊന്നും നടപ്പിലാക്കുന്നില്ല. മാത്രമല്ല 13.5 ശതമാനം പലിശയാണ് കാര്‍ഷികലോണുകള്‍ക്ക് ഈടാക്കുന്നത്. ആനുകൂല്യം നിഷേധിക്കുന്നതിന്റെ ഭാഗമായി ഒരു ലോണ്‍ മൂന്നും നാലുമാക്കി തരം തിരിക്കുന്നതും പതിവാണെന്നും നേതാക്കള്‍ വ്യക്തമാക്കി. ഖാലിദ് ഇ (1), പൗലോസ് കുറുമ്പേമഠം (4), കാസിം ഒ ഇ (5), ഗീവര്‍ഗീസ് (7), അബ്ദുള്ള കാതിരി (9), കെ ടി ശ്രീധരന്‍ (11), എം എം രമേശ് (14), ഒ വി അപ്പച്ചന്‍ (16), സലിം പി (18), അന്നമ്മ ജോസ് (21), വത്സമ്മ ജോയി (22), സരസമ്മ ടീച്ചര്‍ (25) എന്നിവരാണ് ഇക്കുറി യു ഡി എഫ് പാനലില്‍ മത്സരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ യു ഡി എഫ് ചെയര്‍മാന്‍ റസാക്ക് കല്‍പ്പറ്റ, ഒ വി അപ്പച്ചന്‍, എം എം രമേശ്, എന്‍ ഒ ദേവസ്യ എന്നിവര്‍ പങ്കെടുത്തു.