Connect with us

Malappuram

ജൈവ വൈവിധ്യ സംരക്ഷണം; സംസ്ഥാന തല ഉദ്ഘാടനം ഇന്ന് പെരുവള്ളൂര്‍ സ്‌കൂളില്‍

Published

|

Last Updated

മലപ്പുറം: സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൈവ വൈവിധ്യ സംരക്ഷണവും സുസ്ഥിര ഉപയോഗവും പദ്ധതി നടപ്പിലാക്കുന്നു. ജൈവ വൈവിധ്യ രജിസ്റ്റര്‍ നിര്‍മാണം പൂര്‍ത്തിയായ 25 പഞ്ചായത്തുകളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് പെരുവള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും. പെരുവള്ളൂര്‍ പഞ്ചായത്തിന്റെ ജൈവ വൈവിധ്യ രജിസ്റ്റര്‍ പ്രകാശനം മന്ത്രി എം കെ മുനീര്‍ നിര്‍വഹിക്കും. ദേശീയ ജൈവ വൈവിധ്യ അതോറിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മലപ്പുറം ജില്ലയില്‍ വെട്ടം, പൂക്കോട്ടൂര്‍, ഏലംകുളം, പെരുവള്ളൂര്‍, നെടിയിരുപ്പ്, ചീക്കോട് പഞ്ചായത്തുകളിലാണ് പദ്ധതി ആരംഭിക്കുക. ഓരോ പഞ്ചായത്തിലെയും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ 200 വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പാഠ്യപദ്ധതി പ്രകാരം 25 മണിക്കൂര്‍ ബോധവത്കരണ പഠന ക്ലാസുകള്‍ നല്‍കും. വിദ്യാര്‍ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ പ്രദേശങ്ങളിലെ ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. അവസാനഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ നടത്തുകയും പദ്ധതിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ പെരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞാപ്പുട്ടി ഹാജി, പഞ്ചായത്ത് അംഗങ്ങളായ കെ ടി കുഞ്ഞാപ്പുട്ടി ഹാജി, കെ ടി ഹസന്‍കോയ, പെരുവള്ളൂര്‍ ജി എച്ച് എസ് എസ് പി ടി എ പ്രസിഡന്റ് കെ കലാം, പ്രിന്‍സിപ്പല്‍ അബ്ദുന്നാസര്‍, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ വി ഇബ്‌റാഹിം, പ്രൊജക്ട് ഫെലോ കെ മഖ്ദൂം പങ്കെടുത്തു.

Latest