സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലെന്ന് ആര്യാടന്‍

Posted on: January 26, 2014 3:06 pm | Last updated: January 26, 2014 at 3:06 pm

അരീക്കോട്: കേരളത്തിന്റെ കടബാധ്യത കൂടിവരികായാണെന്നും കേരളം വലിയ സാമ്പത്തിക പ്രയാസത്തിലാണെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. ആളോഹരി റവന്യൂ കമ്മിയും ആളോഹരി കടവും ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം.
ഫിസ്‌ക്കല്‍ റെസ്‌പോണ്‍സിബിലിറ്റി ആക്ട് പ്രകാരം റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ചു കൊണ്ടു വരിക അസാധ്യമാണെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ധനകാര്യകമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല. 1200 കോടി രൂപ പ്രതിവര്‍ഷം കടമെടുക്കേണ്ട അവസ്ഥയിലാണ് കേരളം. ധനക്കമ്മി കൂടി വരുന്നത് നല്ല ലക്ഷണമല്ല. കേരളത്തിന്റെ തനതു വരുമാനത്തിന്റെ 90 ശതമാനം ചെലവിടുന്നത് ശമ്പളം, പെന്‍ഷന്‍, പലിശ ഇനത്തിലാണ്. വിവിധ കടങ്ങളുടെ തിരിച്ചടവ് തുക കൂടി ചേര്‍ത്താല്‍ ഇത് നൂറ് ശതമാനത്തിന് മുകളിലായിരിക്കും. ഇത്രയും സാമ്പത്തിക പ്രയാസത്തിനിടയിലും ജീവനക്കാരോടും അധ്യാപകരോടും അനുഭാവപൂര്‍ണമായ സമീപനമുള്ളതു കൊണ്ടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 10 ശതമാനം ക്ഷാമബത്ത നല്‍കിയത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത് ജീവനക്കാരെ രക്ഷിക്കാനാണെന്നും സര്‍ക്കാരിന് ഈ പദ്ധതി കൊണ്ട് നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍(ജിഎസ്ടിയു) ന്റെ ജില്ലാ സമ്മേളനം അരീക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്ടി ടി റോയ്‌തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി എം രവീന്ദ്രന്‍, സെക്രട്ടറി ഒ എം രാജന്‍, എം കെ സനല്‍കുമാര്‍, സംസ്ഥാന വനിതാഫോറം ചെയര്‍പേഴ്‌സണ്‍ ആര്‍ പ്രസന്നകുമാരി, ജില്ലാ സെക്രട്ടറി കെഎല്‍ ഷാജു ട്രഷറര്‍ ഇ കൃഷ്ണകുമാര്‍ സംസ്ഥാനകമ്മിറ്റി അംഗം എന്‍പി രാമകൃഷ്ണന്‍ പ്രസംഗിച്ചു.