Connect with us

Malappuram

മലപ്പുറം - തിരൂര്‍ ആശുപത്രികളുടെ പദവി ഉയര്‍ത്താന്‍ ശിപാര്‍ശ

Published

|

Last Updated

മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയായും മലപ്പുറം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. പി ഉബൈദുല്ല എം എല്‍ എയാണ് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്.
തിരൂര്‍ ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയാക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി എം അബ്ദുല്ലക്കുട്ടി അവതരിപ്പിച്ച പ്രമേയവും ജില്ലാ കലക്റ്റര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു. “മത്സ്യസമൃദ്ധി” പദ്ധതിയുമായി ബന്ധപ്പെട്ട് നിയോഗിച്ച കോഡിനേറ്റര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് നിര്‍ദേശിച്ചു.
രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍ കെ വി വൈ) യില്‍ കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിനായി വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാനും നിര്‍ദേശിച്ചു. ഹൈടെക് കൃഷിരീതികള്‍ക്ക് ബജറ്റില്‍ കൂടുതല്‍ പ്രാധാന്യം നല്‍കി 75 ശതമാനം സബ്‌സിഡിയും അനുവദിച്ചിട്ടുള്ളതിനാല്‍ നിലവിലുള്ള ഫാമുകള്‍ മാതൃകാ ഫാമുകളാക്കാന്‍ യുവാക്കള്‍ക്ക് പരിശീലനവും ബോധവത്കരണവും നല്‍കി കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കണമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് കലക്ടര്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള തസ്തികകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി കെ എ റസാഖ് ആവശ്യപ്പെട്ടു. പഞ്ചായത്തുകള്‍ നല്‍കിയ അന്തിമ ബി പി എല്‍ പട്ടികയില്‍ തുടര്‍ നിരീക്ഷണത്തിന് പഞ്ചായത്തുകള്‍ക്ക് തിരികെ അയക്കേണ്ടെന്നും സപ്‌ളൈ ഓഫീസ് തലത്തില്‍ തന്നെ ഉചിതമായ തീരുമാനമെടുക്കാമെന്നും പ്രസിഡന്റ് നിര്‍ദേശിച്ചു.
ക്വാറികളിലും കുളങ്ങളിലും മത്സ്യം വളര്‍ത്തല്‍- ജില്ലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ക്വാറികളിലും കുളങ്ങളിലും മത്സ്യം വളര്‍ത്തുന്നതിനുള്ള സാധ്യതകള്‍ സംബന്ധിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്റര്‍ റിപ്പോര്‍ട്ട് നല്‍കും.സ്വയംപര്യാപ്ത പട്ടികജാതി കോളനികള്‍- തിരഞ്ഞെടുത്ത നിയോജക മണ്ഡലങ്ങളിലെ പട്ടികജാതി കോളനികള്‍ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ 25 ലക്ഷം ചെലവഴിച്ചിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയ പ്രവൃത്തി ത്വരിതപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും. സങ്കരയിനം കുറിയ തെങ്ങുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്- വിശദമായ പ്രൊജക്റ്റ് ജില്ലാ കാര്‍ഷിക വികസന സമിതിക്ക് നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.
പെരുമ്പുഴയില്‍ തടയണ നിര്‍മാണത്തിനുള്ള രൂപരേഖ ചീഫ് എന്‍ജിനീയറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ആനക്കയത്ത് കാര്‍ഷിക പരിശീലന കേന്ദ്രത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കോട്ടപ്പടി ബൈപാസ്, ആശാരിക്കടവ് പാലം, തിരുനാവായ – തവനൂര്‍ പാലം എന്നിവയുടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പുരോഗിക്കുന്നു. കോഡൂര്‍ – കാരപറമ്പ് കുടിവെള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ചമ്രവട്ടം റെഗുലറ്റര്‍ – ബ്രിജ് വൈദ്യുതീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനമായി.
കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ എം എല്‍ എമാരായ പി ഉബൈദുള്ള, അബ്ദുറഹ്മാന്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറാ മമ്പാട്, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറിമാരായ എം.അബ്ദുല്ലക്കുട്ടി, സി കെ എ. റസാഖ്, മന്ത്രി മഞ്ഞളാംകുഴി അലിയുടെ പ്രതിനിധി പി സ്രാജൂട്ടി, മന്ത്രി എ പി അനില്‍കുമാറിന്റെ പ്രതിനിധി കെ സി കുഞ്ഞിമുഹമ്മദ്, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധി കെ മുഹമ്മദ് മുസ്തഫ, എ ഡി എം. കെ മുരളീധരന്‍, പ്ലാനിങ് ഓഫീസര്‍ പി ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Latest