Connect with us

Malappuram

മനുഷ്യജാലിക സ്വാഗത സംഘം രൂപവത്കരണ യോഗത്തില്‍ നിന്ന് ഒരു വിഭാഗം ഇറങ്ങിപ്പോയി

Published

|

Last Updated

കല്‍പകഞ്ചേരി: ഇന്ന് പുത്തനത്താണിയില്‍ നടക്കുന്ന നടക്കുന്ന മനുഷ്യ ജാലികയുടെ സ്വാഗത സംഘ രൂപവത്കരണ യോഗത്തില്‍ നിന്ന് ഒരു വിഭാഗം എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി.
കഴിഞ്ഞ ദിവസം പുത്തനത്താണി ബസ് സ്റ്റാന്റിന് സമീപത്തെ സ്വാഗത സംഘ ഓഫീസില്‍ നടന്ന രൂപവത്കരണ യോഗത്തിലാണ് ഒരു വിഭാഗം പ്രാദേശിക പ്രവര്‍ത്തകര്‍ പങ്കെടുക്കാതെ ഇറങ്ങിപോന്നത്. ഈ സമയത്ത് ഇവരെ അനുനയിപ്പിക്കാന്‍ മറ്റുള്ള സ്ഥലങ്ങളില്‍ നിന്നെത്തിയവരായ പ്രവര്‍ത്തകരും നേതാക്കളും ഒട്ടേറെ പരിശ്രമിച്ചിട്ടും വിജയിച്ചില്ല. അസാന്‍മാര്‍ഗിക പ്രവര്‍ത്തനത്തില്‍പെട്ട ഒരാളെ സ്വാഗത സംഘ രൂപവത്കരണ യോഗത്തിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് പുത്തനത്താണി ക്ലസ്റ്റര്‍ ഭാരവാഹിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇറങ്ങിപോയത്. ഇങ്ങനെയുള്ള വ്യക്തിയെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയുടെ ധാര്‍മികത ചോദ്യം ചെയ്യപ്പെടുമെന്നതിനാലാണ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതിന് കാരണമായി പറയുന്നുണ്ടെങ്കിലും സംഘടനകത്തെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ഇതോടെ പരിപാടി നടക്കുന്ന പ്രദേശത്തെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നതിനാല്‍ ഇതിനായുള്ള പണപ്പിരിവും മറ്റു മുന്നൊരുക്കങ്ങളും നടത്തിയിരുന്നത് മറ്റിടങ്ങില്‍ നിന്ന് എത്തിയവരായ പ്രവര്‍ത്തകരായിരുന്നു. പരിപാടിയുടെ ഒരുക്കങ്ങള്‍ക്കിടയില്‍ തന്നെ ഉണ്ടായ കല്ലുകടി പ്രചാരണത്തെ മന്ദഗതിയിലാക്കിയെന്നാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ പൊതുവെയുള്ള സംസാരം.