ബജറ്റില്‍ വേങ്ങരക്ക് നിരാശ

Posted on: January 26, 2014 3:02 pm | Last updated: January 26, 2014 at 3:02 pm

വേങ്ങര: ഈ വര്‍ഷത്തെ ധനകാര്യ ബജറ്റില്‍ കാര്യമായി പദ്ധതികളില്ലാത്തത് കാരണം വേങ്ങരക്ക് നിരാശ. ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ നിയോജക മണ്ഡലത്തില്‍ കാര്യമായ പദ്ധതികള്‍ക്കൊന്നും തുക വകയിരുത്തിയിട്ടില്ല. ഏതാനും പദ്ധതികളുടെ പരാമര്‍ശം മാത്രമാണുള്ളത്.
വേങ്ങര ബൈപ്പാസ്, മിനി സിവില്‍ സ്റ്റേഷന്‍, കുന്നുപുറം പി എച്ച് സി എച്ച് സി യാക്കി ഉയര്‍ത്തല്‍, ഊരകത്ത് ഗവ. ഐ ടി ഐ, വേങ്ങര സി എച്ച് സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തലും ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കലും, ഫയര്‍ സര്‍വീസ് സ്റ്റേഷന്‍ എന്നിവയാണ് ഈ വര്‍ഷം ബജറ്റില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇവയില്‍ തന്നെ വേങ്ങര ടൗണ്‍ ബൈപ്പാസ്, മിനി സിവില്‍ സ്റ്റേഷന്‍, ഫയര്‍ സര്‍വ്വീസ് സ്റ്റേഷന്‍ എന്നിവ കഴിഞ്ഞ ബജറ്റിലും ഫണ്ട് വകയിരുത്തി പദ്ധതി യാഥാര്‍ഥ്യമാവാത്തതാണ്.
കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന എംപ്ലോയ്‌മെന്റ് എക്‌സിചേഞ്ച്, സബ് രജിസ്ട്രാര്‍ ഓഫീസ്, യൂത്ത് ഹോസ്റ്റല്‍, ട്രഷറി എന്നീ പദ്ധതികളൊന്നും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമെന്നതിനാല്‍ കൂടുതല്‍ വികസന പ്രവര്‍ത്തികള്‍ക്ക് ഫണ്ട് ബജറ്റില്‍ വകയിരുത്തുമെന്ന് പ്രതീക്ഷ ജനങ്ങള്‍ക്കുണ്ടായിരുന്നതിനാല്‍ ഇത്തവണ കനത്ത നിരാശയായി മാറി.