Connect with us

Editorial

തിരിച്ചറിയാന്‍ വൈകരുത്

Published

|

Last Updated

കൗമാര കേരളത്തിന്റെ സര്‍ഗാത്മക പ്രതിഭ ചിലങ്ക കെട്ടിയതായിരുന്നു പോയ ഒരുവാരം. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള ഇളംതലമുറ നാദ, നടന വിസ്മയത്തിന്റെ വര്‍ണച്ചെപ്പാണ് കരിമ്പനകളുടെ നാടായ പാലക്കാട്ട് കാഴ്ചവെച്ചത്. സ്‌കൂള്‍ കലോത്സവത്തിന്റെ ചിലമ്പൊലിയില്‍ നാടും നഗരവും പുലരുവോളം കണ്ണുംകാതും തുറന്നിരുന്നു. അത് നമ്മുടെ സംസ്‌കൃതിയുടെ പുണ്യം. പക്ഷേ, അതോടൊപ്പം നാടിന്റെ ദുഷിപ്പും പോയ വാരം തുറന്നുകാട്ടപ്പെടുന്നു. സംസ്‌കാരസമ്പന്നതയിലും വിദ്യാഭ്യാസകാര്യത്തിലും ആര്‍ക്കും മാതൃകയാക്കാമായിരുന്ന കേരളത്തിന്റെ നന്മകള്‍ക്ക് എന്തുപറ്റിയെന്ന് ആരേയും ചിന്തിപ്പിക്കുന്നതായിരുന്നു ആ വാര്‍ത്തകളും വര്‍ത്തമാനങ്ങളും. ഈ മാസം 17ന് രാത്രി രാഷ്ട്രതലസ്ഥാനത്ത് നിന്ന് പുറത്തുവന്നത് നടുക്കുന്ന വാര്‍ത്തയായിരുന്നു, മലയാളിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം. വിഷാദരോഗത്തിനുള്ള മരുന്നുകളുടെ അമിതോപയോഗമാണ് മരണകാരണമെന്നാണ് കരുതുന്നത്. എന്നാല്‍ സുനന്ദയുടെ ശരീരത്തില്‍ 12ലേറെ മുറിവുകള്‍ ഉണ്ടായിരുന്നത് അവരുടെ മരണത്തെ ചൂഴ്ന്നുനിന്ന ദുരൂഹതകള്‍ സങ്കീര്‍ണമാക്കി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധിപ്രസ്താവം, തിരൂരില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ വിധി, “സോളാര്‍ തട്ടിപ്പി”ലൂടെ കോടികള്‍ കൈക്കലാക്കിയെന്ന് ആരോപിക്കപ്പെടുന്ന ബിജു രാധാകൃഷ്ണന്‍ ആദ്യ ഭാര്യ രശ്മിയെ മദ്യം നല്‍കി അവശയാക്കി ശ്വാസംമുട്ടിച്ചു കൊന്ന കേസിലെ വിധിപ്രസ്താവവും പോയ വാരത്തില്‍ തന്നെയായിരുന്നു. മനം തുറന്ന പ്രവര്‍ത്തനങ്ങളിലൂടെ നാട്ടുകാരുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ മാതൃകാ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു ടി പി ചന്ദ്രശേഖരന്‍. ആ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ പുലര്‍ത്തുന്ന ആത്മാര്‍ഥത പോലെതന്നെ, പാര്‍ട്ടിയുടെ നിലപാടുകളോടും പ്രവര്‍ത്തന ശൈലിയോടും വിയോജിക്കാനും ഏതൊരാള്‍ക്കും അവകാശമുണ്ട്. വിയോജിക്കുന്നവരെ കായികമായി സംഹരിക്കുകയെന്ന നിലപാട് ഏത് പാര്‍ട്ടിയുടെതായാലും വ്യക്തിയുടെതായാലും സമ്മതിച്ചുകൊടുക്കാനാകില്ല. ഈ കേസില്‍ 24 പേരെ വെറുതെവിട്ട കോടതി, കൊലയാളി സംഘത്തിലെ ഏഴ് പേരെയും സി പി എമ്മിന്റെ മൂന്ന് നേതാക്കളേയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശിക്ഷ 28ന് പ്രഖ്യാപിക്കും. തിരൂരില്‍ ഒരു കടവരാന്തയില്‍ മാതാവിന്റെ ചൂടുപറ്റി ഉറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയെ ഒരു 22 കാരന്‍ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിലൂടെ മൃതപ്രായയാക്കി വഴിയില്‍ തള്ളിയ സംഭവം മനഃസാക്ഷിയുള്ളവരെയെല്ലാം നടുക്കിയതായിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിയെ 30 വര്‍ഷത്തെ കഠിന തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചുവെങ്കിലും, പ്രതിയുടെ പ്രായക്കുറവ് പരിഗണിച്ച് ശിക്ഷകളെല്ലാം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന കോടതിയുടെ മഹാമനസ്‌കതകൊണ്ട് ശിക്ഷ വെറും 10 വര്‍ഷമായി കുറഞ്ഞു.
സോളാര്‍ തട്ടിപ്പിലൂടെ കോടികള്‍ കൈക്കലാക്കിയെന്ന് ആരോപിക്കപ്പെടുന്ന ബിജു രാധാകൃഷ്ണന്‍ തന്റെ ആദ്യ ഭാര്യ രശ്മിയെ മദ്യം നല്‍കി അവശയാക്കി ശ്വാസംമുട്ടിച്ചു കൊന്ന കേസിലെ വിധിപ്രസ്താവവും പോയ വാരത്തില്‍ തന്നെയായിരുന്നു. ജീവപര്യന്തം തടവിനും പിഴയടക്കാനും ബിജു ശിക്ഷിക്കപ്പെട്ടപ്പോള്‍, ബിജുവിന്റെ മാതാവിനെ സ്ത്രീധന പീഡനത്തിന് മൂന്ന് വര്‍ഷത്തെ തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഭാര്യ രശ്മിയെ ബിജു കൊല ചെയ്യുകയായിരുന്നുവെന്നതിന് ശക്തമായ തെളിവുകള്‍ ലഭിച്ചത് സോളാര്‍ കേസന്വേഷണത്തിനിടയിലാണ്. ഈ കേസിലെ പ്രധാന സാക്ഷി, കൊലപാതകത്തിന് ദൃക്‌സാക്ഷിയായ രശ്മിയുടെ മകനായിരുന്നു. മക്കളെ ലൈംഗികമായി പീഡിപ്പിക്കുന്ന രക്ഷിതാക്കള്‍ ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. ഇത് കേരളത്തിലെ മാത്രം സ്ഥിതിയല്ല. ഏറ്റവുമൊടുവില്‍ പശ്ചിമബംഗാളില്‍ ഒരു ആദിവാസി യുവതിയെ ഗ്രാമത്തലവനടക്കം 13 പേര്‍ കൂട്ടബലാത്സംഗം ചെയ്തത് മാനവരാശിക്കാകെ അപമാനമാണ്. അന്യ സമുദായക്കാരനെ പ്രണയിച്ചു എന്നകുറ്റത്തിന് ഗ്രാമ പഞ്ചായത്ത് സമിതി വിധിച്ച ശിക്ഷയായിരുന്നു കൂട്ടബലാത്സംഗം. ബലാത്സംഗക്കാരെ പിടികൂടാനെത്തിയ പോലീസിനെ സ്ത്രീകളടക്കമുള്ള ജനക്കൂട്ടം തടയാന്‍ ശ്രമിച്ചു എന്നാണ് വാര്‍ത്ത.
സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ധാര്‍മിക മൂല്യച്യുതിയുടെ ആഴവും പരപ്പും അളക്കാന്‍ മേല്‍പ്പറഞ്ഞ സംഭവങ്ങളിലേക്ക് കണ്ണോടിച്ചാല്‍ മതി. ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന പ്രചാരണം വ്യാപകമായിട്ടുണ്ട്. വിദേശ വിനോദസഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരാന്‍ മടിക്കുന്നു. വിദേശികള്‍ പീഡിപ്പിക്കപ്പെട്ട സംഭവങ്ങളടെ പിന്‍ബലത്തിലാണ് ഇന്ത്യക്കെതിരായ ഈ പ്രചാരണം. മനുഷ്യസ്‌നേഹവും സാഹോദര്യവും സത്യസന്ധതയും അന്യംവന്നുകൊണ്ടിരിക്കുകയാണെന്ന് പറയാതെ വയ്യ. “സ്‌നേഹമെന്ന പദത്തിനെന്തര്‍ഥം” എന്ന് കവി പാടിയതിനെ അന്വര്‍ഥമാക്കും വിധമുള്ള സംഭവങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. മറ്റ് ജീവജാലങ്ങളില്‍നിന്നും വ്യത്യസ്തമായി മനുഷ്യര്‍ക്കുണ്ടെന്ന് അവകാശപ്പെടുന്ന “വിവേക” മെന്ന മൂന്ന് അക്ഷരങ്ങള്‍ക്ക് അര്‍ഥശോഷണം സംഭവിച്ചിരിക്കുന്നു എന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ടിയിരിക്കുന്നു.

Latest