Connect with us

International

ഈജിപ്തില്‍ കനത്ത ഏറ്റുമുട്ടല്‍

Published

|

Last Updated

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരെ രാജ്യവ്യാപകമായി നടന്ന 2011ലെ ജനകീയ പ്രക്ഷോഭത്തിന്റെ വാര്‍ഷിക ദിനാചരണം കനത്ത ഏറ്റുമുട്ടലില്‍ കലാശിച്ചു. നിരോധിത സംഘടനയായ ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനങ്ങളാണ് അക്രമാസക്തമായത്. പോലീസും പ്രക്ഷോഭകരായ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും തമ്മില്‍ കനത്ത ഏറ്റുമുട്ടലാണ് നടന്നത്. വെള്ളിയാഴ്ച 18 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. നഗരത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രദര്‍ഹുഡ് പ്രക്ഷോഭം ശക്തമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കൈറോയിലേക്കും സമീപ നഗരങ്ങളിലേക്കും കൂടുതല്‍ സൈനികരെ നിയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താക്കള്‍ അറിയിച്ചു.
അതിനിടെ, ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നാല് ഈജിപ്ഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി. ഈജിപ്ത് എംബസിയില്‍വെച്ചാണ് അജ്ഞാത സംഘം ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് ലിബിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടുത്തിടെ നിരവധി വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ അല്‍ഖാഇദയുമായി ബന്ധമുള്ള തീവ്രവാദ സംഘം തട്ടിക്കൊണ്ടുപോയിരുന്നതായും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടോപോയതും അവര്‍ തന്നെയാണെന്നും പോലീസ് മേധാവികള്‍ അറിയിച്ചു. ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി വ്യാപക തിരച്ചില്‍ ആരംഭിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ലിബിയയിലെ തീവ്രവാദ നേതാവ് ഈജിപ്തില്‍ അറസ്റ്റിലായിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest