രണ്ടാം ജനീവയില്‍ നിര്‍ണായക ചുവടുവെപ്പെന്ന്: ഒരുമിച്ചിരുന്നു; ഒന്നും മിണ്ടിയില്ല

Posted on: January 25, 2014 11:21 pm | Last updated: January 25, 2014 at 11:21 pm

janiwaജനീവ: സിറിയന്‍ വിഷയത്തിലെ രണ്ടാം ജനീവ സമ്മേളനത്തില്‍ നിര്‍ണായക ചുവടുവെപ്പ്. വിവാദങ്ങള്‍ക്കൊടുവില്‍ സിറിയന്‍ സര്‍ക്കാര്‍ വക്താക്കളും പ്രതിപക്ഷ നേതാക്കളും ഒരുമിച്ചിരുന്നു. ചുരുങ്ങിയ സമയമാണെങ്കിലും നിര്‍ണായക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ വിഷയത്തിലെ യു എന്‍, അറബ് ലീഗ് പ്രത്യേക പ്രതിനിധി ലഖ്ദര്‍ ഇബ്‌റാഹീമിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച അര മണിക്കൂര്‍ മാത്രമാണ് നീണ്ടത്. എന്നാല്‍, ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചര്‍ച്ച നടന്ന മുറിയിലേക്ക് രണ്ടുവാതിലുകളിലൂടെ കടന്നു വന്ന സര്‍ക്കാര്‍, വിമത പ്രതിനിധികള്‍ ഒരു മുറിയിലിരുന്നു എന്നല്ലാതെ പരസ്പരം സംസാരിക്കുകയോ അഭിവാദ്യം ചെയ്യുകയോ ഉണ്ടായില്ലെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. മധ്യസ്ഥനായ ഇബ്‌റാഹീമി അരമണിക്കൂര്‍ നേരം പ്രസംഗിച്ചുവെന്നല്ലാതെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ബി ബി സി റിപ്പോര്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു.
സിറിയന്‍ സര്‍ക്കാറിനെതിരെ മൂന്ന് വര്‍ഷം മുമ്പാരംഭിച്ച വിമത പ്രക്ഷോഭത്തിന് ശേഷം ഇതാദ്യമായാണ് ഇരുവിഭാഗവും ചര്‍ച്ചക്കായി ഒരു വേദിയില്‍ ഇരിക്കുന്നത്. അമേരിക്കയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ നടക്കുന്ന രണ്ടാം ജനീവ സമ്മേളനത്തില്‍ നാല്‍പ്പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തിയിരുന്നെങ്കിലും നേരിട്ടുള്ള ചര്‍ച്ചയില്‍ നിന്ന് സിറിയന്‍ പ്രതിപക്ഷം പിന്മാറുകയായിരുന്നു.
ഇതേതുടര്‍ന്ന് ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സിറിയന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് മുഅല്ലിമിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാര്‍ വക്താക്കളും അഹ്മദ് ജര്‍ബയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച വെള്ളിയാഴ്ച നടക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
വിമത പ്രക്ഷോഭം രൂക്ഷമാകുകയും ഏറ്റുമുട്ടലിലും ആക്രമണങ്ങളിലുമായി ഒരു ലക്ഷത്തിലധികമാളുകള്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് സമാധാന ചര്‍ച്ചക്കുള്ള ശ്രമം ശക്തമാക്കിയത്. പ്രക്ഷോഭ നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക എന്നി ആവശ്യങ്ങളാണ് ഇരുവിഭാഗങ്ങളോടും മധ്യസ്ഥര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തണമെങ്കില്‍ സിറിയയുടെ അധികാരം ബശര്‍ അല്‍ അസദ് താത്കാലിക സര്‍ക്കാറിന് കൈമാറുമെന്ന വിജ്ഞാപനത്തില്‍ ഒപ്പുവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നത്. 18 മാസം മുമ്പ് ജനീവയില്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തെ റഷ്യയടക്കമുള്ള രാഷ്ട്രങ്ങള്‍ എതിര്‍ത്തിരുന്നു. അതേസമയം, വ്യവസ്ഥകള്‍ ഇല്ലാത്ത നിരുപാധികമായ ചര്‍ച്ചക്ക് മാത്രമേ തങ്ങള്‍ തയ്യാറുള്ളൂവെന്ന് സര്‍ക്കാര്‍ വക്താക്കള്‍ നേരത്തെ അറിയിച്ചിരുന്നു.