അമേരിക്കയുമായി സുരക്ഷാ ഉടമ്പടിയില്‍ ഒപ്പുവെക്കില്ലെന്ന് വീണ്ടും കര്‍സായി

Posted on: January 25, 2014 11:19 pm | Last updated: January 25, 2014 at 11:19 pm

karsayiകാബൂള്‍: അമേരിക്കയുമായി ഉഭയകക്ഷി സുരക്ഷാ ഉടമ്പടി ( ബി എസ് എ)യില്‍ ഒപ്പ് വെക്കാന്‍ തയ്യാറല്ലെന്ന് വീണ്ടും അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി. രാജ്യത്തെ സുരക്ഷയും സമാധാന പ്രക്രിയയും ആരംഭിക്കാതെ ഒപ്പുവെക്കില്ലെന്ന് പറഞ്ഞാണ് മുന്‍ നിലപാട് വീണ്ടും പ്രഖ്യാപിച്ചത്. സമാധാനവും സുരക്ഷയും തിരിച്ചുനല്‍കുകയാണെങ്കില്‍ ഒപ്പ് വെക്കാന്‍ തയ്യാറാണെന്ന് കര്‍സായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ സ്വദേശികളുടെ വീടുകളില്‍ സൈനിക നടപടിയുടെ ഭാഗമായി റെയ്ഡുകള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നും കര്‍സായി ആവശ്യപ്പെട്ടു. താലിബാനുമായി സമാധാന പ്രക്രിയയില്‍ പങ്കുചേര്‍ന്ന് വരുന്ന തിരഞ്ഞെടുപ്പ് സുതാര്യമായി നടത്താനും യു എസ് തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ അഞ്ചിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉടമ്പടിയില്‍ ഒപ്പ് വെച്ചാല്‍ ഉടമ്പടി പ്രകാരം അഫ്ഗാനില്‍ 10, 000 സൈനികര്‍ക്ക് തങ്ങാന്‍ കഴിയും. മുറ്റുള്ളവര്‍ക്ക് ഈ വര്‍ഷം ഇവിടെ നിന്ന് സ്വദേശത്തേക്ക് മടങ്ങുകയും ചെയ്യാം. അമേരിക്കക്കും പാക്കിസ്ഥാനും രാജ്യത്തെ സുരക്ഷയില്‍ വലിയ പങ്കാളിത്തമുണ്ട്. ഇരു രാജ്യങ്ങളും സത്യസന്ധമായും ആത്മാര്‍ഥമായും ഇതിന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ ഒരു സമാധാന അഫ്ഗാന്‍ വിദൂരത്തല്ലെന്ന് കര്‍സായി പറഞ്ഞു. രാജ്യത്തെ ജനതയുടെ സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതല്ലാത്ത പക്ഷം വിദേശികള്‍ക്ക് രാജ്യം വിടുന്നതാണ് നല്ലതെന്നും കര്‍സായി മുന്നറിയിപ്പ് നല്‍കി.
അഫ്ഗാന് സ്വന്തമായി ഭരണഘടനയും ദേശീയ സുരക്ഷാ സൈന്യവും സര്‍ക്കാര്‍ സ്ഥാപനങ്ങളുമുള്ളതിനാല്‍ മറ്റ് രാജ്യങ്ങളുടെ സുരക്ഷ ആവശ്യമില്ലെന്നും രാജ്യം സ്ഥിരത കൈവരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്ക ഒരു സുഹൃത്തിനെ പോലെ പെരുമാറുകയാണെങ്കില്‍ സുഹൃത്തായി കാണുമെന്നും ശത്രുവായി കണില്ലെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ സൈന്യത്തിന്റെ അധീനതയിലുള്ള ബഗ്രാം ജയിലില്‍ കഴിയുന്നവരില്‍ പലരും നഷ്‌കളങ്കരാണെന്നും ഈ രീതിയില്‍ രാജ്യത്തെ ജയിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.