Connect with us

Ongoing News

ജനസാഗരം സാക്ഷി; സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി

Published

|

Last Updated

പാലക്കാട്: നെല്ലറയെ ഏഴുദിനരാത്രങ്ങള്‍ ആവേശക്കടലാക്കി മാറ്റിയ സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനസാഗരം സാക്ഷിയാക്കി തിരശീല വീണു. പ്രധാന വേദിയായ സ്റ്റേഡിയത്തിലെ മഴവില്ലില്‍ നടന്ന ചടങ്ങ് തുടങ്ങുന്നതിന് മുമ്പുതന്നെ പതിനായിരകണക്കിനാളുകള്‍ വേദിയിലും പുറത്തുമായി തിങ്ങി നിറഞ്ഞിരുന്നു.
കൃത്യം നാലരക്ക് തന്നെ പരിപാടിക്ക് തുടക്കമായി. ജില്ലയിലെ സംഗീതാധ്യാപകര്‍ ആലപിച്ച സ്‌നേഹമംഗള ഗാനം ആദ്യം വേദിയില്‍ ഉയര്‍ന്നു. കലോത്സവത്തിനെത്തിയവര്‍ക്ക് ശുഭയാത്ര നേര്‍ന്നുകൊണ്ടുള്ള ഗാനം സദസിനെ മാത്രമല്ല, വിവിധ ജില്ലകളില്‍ നിന്നെത്തിയ മത്സരാര്‍ഥികള്‍ക്ക് ഹൃദ്യമായി. കലോത്സവം പാലക്കാടന്‍ മണ്ണില്‍ നിന്ന് വിട ചൊല്ലിയെങ്കിലും മായാത്ത ഓര്‍മകളാണ് ബാക്കിയാക്കിയത്. സാംസ്‌ക്കാരിക കേരളത്തിന്റെ ഉറവ വറ്റാതെ കാക്കുന്നത് കലോത്സവങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ആദിവാസി കലാരൂപങ്ങളെയും അന്യംനിന്നുപോകുന്ന കലാരൂപങ്ങളെയും കലോത്സവത്തില്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് പറഞ്ഞു. ഓരോരുത്തരും ഇതിന്റെ സംഘാടകരായതാണ് യുവജനോത്സവത്തിന്റെ വിജയത്തിന് വഴിവെച്ചത്. ജനപ്രതിനിധികളും പോലീസും ജീവനക്കാരും അധ്യാപകരും മാധ്യമ പ്രവര്‍ത്തകരും പാലക്കാട്ടെ ജനങ്ങളുമെല്ലാം ഇത്തരത്തില്‍ കലോത്സവത്തിന്റെ വിജയത്തിന് കാരണമായതായി അദ്ദേഹം പറഞ്ഞു.
കലോത്സവത്തിന്റെ ഉപ ഉത്പന്നങ്ങളാണ് ടെലിവിഷന്‍ പരിപാടികളെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. സദസ്സിന്റെ ആവശ്യപ്രകാരം അദ്ദേഹം ഗാനവും ആലപിച്ചു. അടുത്ത കലോത്സവ വേദിയായ എറണാകുളം ജില്ലക്കു വേണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി കലോത്സവത്തിന്റെ പതാക ഏറ്റുവാങ്ങി. എം എല്‍ ——എ മാരായ കെ അച്യുതന്‍, അഡ്വ. എന്‍ ഷംസുദ്ദീന്‍, ഷാഫി പറമ്പില്‍, കെ എസ് സലീഖ, എം ഹംസ, ഡി പി ഐ ബിജു പ്രഭാകര്‍, എ ഡി പി ഐ വി. കെ സരളമ്മ, നഗരസഭാ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക്, ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എം ഐ സുകുമാരന്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest