Connect with us

Ongoing News

പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മനം നിറഞ്ഞ് മത്സരാര്‍ഥികളും കാണികളും

Published

|

Last Updated

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം നിയമ പാലന കമ്മിറ്റിയുടെ കരങ്ങളില്‍ സുരക്ഷിതമായിരുന്നു. 18 വേദികളിലായി നടന്ന കലോത്സവത്തിന്റെ പൂര്‍ണ സുരക്ഷാ ചുമതല കുട്ടിപോലീസുകാര്‍ (എസ്——പി——സി) മുതല്‍ ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ വരെയുളളവര്‍ ഏറ്റെടുത്തപ്പോള്‍ സുഗമമായി മുന്നേറിയത്, കലോത്സവം മാത്രമല്ല ജില്ലയിലെ ഗതാഗത സംവിധാനം കൂടിയാണ്.
ജില്ലാ പോലീസ് മേധാവി ജി സോമശേഖര്‍ ചെയര്‍മാനായുളള നിയമപാലന കമ്മിറ്റിയുടെ കീഴിലുളള എട്ട് സബ് കമ്മിറ്റികളാണ് ഗതാഗതനിയന്ത്രണം, വളണ്ടിയര്‍, സ്റ്റേജ് സുരക്ഷാവിഭാഗം, പോലീസ് കണ്‍ട്രോള്‍ റൂം, ഘോഷയാത്ര സുരക്ഷ, താമസം, സ്ത്രീ സുരക്ഷ, പോലീസ് ഭക്ഷണ വിതരണം, ടെലിഫോണ്‍ ഡയറക്ടറി സേവനം എന്നിവയില്‍ നേതൃത്വം നല്‍കിയത്.
ഡി വൈ എസ് പി —മാരുടെ നിയന്ത്രണത്തിലാണ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചത്. കൃത്യമായ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തീരുമാനിച്ചും പല റോഡുകളിലും വണ്‍വേ ഏര്‍പ്പെടുത്തിയും ഗതാഗത നിയന്ത്രണ കമ്മിറ്റി ട്രാഫിക്ക് കുരുക്കിന് പരിഹാരം കണ്ടെത്തി. നഗരത്തിനുളളില്‍ ടൗണ്‍ ബസുകളെ മാത്രം സര്‍വീസ് നടത്താന്‍ അനുവദിച്ച്, വാഹനത്തിരക്ക് നിയന്ത്രിച്ചു. ഓരോ ദിവസവും 200 ഓളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും 100 വീതം സ്‌കൗട് ആന്‍ഡ് ഗൈഡ്‌സ്, എന്‍ സി സി, ജെ ആര്‍ സി കളും 75 എന്‍ എസ് —എസ് പ്രവര്‍ത്തകരുമാണ് സേവനത്തിനുണ്ടായിരുന്നത്. ഇത് കൂടാതെ വേദികളിലെ ശുചീകരണത്തിന് മാത്രമായി 300 സ്‌കൗട്‌സ് ആന്‍ഡ് ഗൈഡുകളെയും നിയോഗിച്ചു.
ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ഓരോ വിദ്യാലയങ്ങളില്‍ നിന്നുമെത്തിയാണ് ഇവര്‍ സേവനം അനുഷ്ഠിച്ചത്. കഠിനമായ ജോലി ഭാരം കുട്ടിപോലീസിന് നല്‍കാതെ ക്രമീകരണം ഫലപ്രദമാക്കി. ഇവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ട്രാഫിക് ഡ്യൂട്ടിക്കായി 600 ഓളം പേരെയാണ് ഓരോ ദിവസവും വിന്യസിച്ചിരുന്നത്. ഓരോ സ്റ്റേജിലും പോലീസ് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിച്ചു. ദിവസം 1000 പോലീസുകാരെയാണ് കലോത്സവ സുരക്ഷക്കായി നിയോഗിച്ചത്. നാര്‍ക്കോട്ടിക് സെല്‍ ഡി——വൈ——എസ്.——പി ഷാനവാസിനായിരുന്നു പോലീസ് കണ്‍ട്രോള്‍ റൂമുകളുടെ ചുമതല. സുരക്ഷയുടെ ഭാഗമായി 14 വേദികളില്‍ സി——സി——ടി——വി ക്യാമറകള്‍ സ്ഥാപിച്ചു.
ഓരോ വേദിയിലും ഫയര്‍ഫോഴ്‌സും ആംബുലന്‍സും സജ്ജരായി നിലകൊളളുകയും ചെയ്തു. എല്ലാ വേദികളിലും സ്ത്രീ സുരക്ഷയ്ക്കായി വനിതാ പോലീസിന്റെ പ്രത്യേക സേവനത്തിന് സി——ഐ നിര്‍മല നേതൃത്വം നല്‍കി. കൂടാതെ കൃത്യമായ പാര്‍ക്കിംഗ് വിവരങ്ങള്‍, താമസ സൗകര്യങ്ങള്‍, ടെലിഫോണ്‍ നമ്പറുകള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി നിയമപാലന കമ്മിറ്റി പുറത്തിറക്കിയ രാഗപാഠം എന്ന കൈപ്പുസ്തകവും ഏറെ സഹായകമായി.