Connect with us

Kasargod

വോട്ടു ചെയ്യുന്നതില്‍ വിമുഖത കാണിക്കുന്നത് ആപത്കരം: ഖാദര്‍ മാങ്ങാട്

Published

|

Last Updated

കാസര്‍കോട്: വോട്ട് ചെയ്യുന്നതില്‍ വിമുഖത കാണിക്കുന്ന പ്രവണത ആപത്കരമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. ദേശീയ വോട്ടര്‍ ദിനാചരണത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വോട്ടവകാശം എന്നത് ശക്തമായ ആയുധമാണ്. അത് ഉത്തരവാദിത്വത്തോടെ വിനിയോഗിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടേയും കടമയാണ്. സമൂഹ നന്‍മയക്കായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം. സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ തയ്യാറാകണം. രാഷ്ട്ര നന്‍മയ്ക്കായി പ്രവര്‍ത്തിക്കുന്ന, രാഷ്ട്രീയത്തിലൂടെ മാത്രമേ സാമൂഹ്യ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയൂ. ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും ത്യാഗ നിര്‍ഭരമായ ജീവിതം യുവാക്കള്‍ മാതൃകയായി സ്വീകരിക്കണം. വോട്ടിംഗിനായി ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഖാദര്‍ മാങ്ങാട് പറഞ്ഞു. കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 76, 78 ബൂത്തുകളിലെ പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം അദ്ദേഹം നിര്‍വഹിച്ചു. വോട്ടര്‍ദിന പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപ്രതിഭാ അവാര്‍ഡ് നേടിയ യുവ കഥാകൃത്ത് പി വി ഷാജികുമാര്‍ മുഖ്യാതിഥിയായിരുന്നു. സബ് കലക്ടര്‍ കെ ജീവന്‍ബാബു, എ ഡി എം. എച്ച് ദിനേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍ പ്രസംഗിച്ചു. വോട്ടര്‍ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പെയിന്റിംഗ്, ക്വിസ് മത്സര വിജയികള്‍ക്ക് ചടങ്ങില്‍ ഷാജികുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ് സ്വാഗതവും ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ നന്ദിയും പറഞ്ഞു. ഫോട്ടോ പ്രദര്‍ശനവും ഉണ്ടായിരുന്നു.