Connect with us

Kasargod

റവന്യൂ അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല: കപ്പലവശിഷ്ടങ്ങള്‍ പഞ്ചായത്ത് നീക്കം ചെയ്തു

Published

|

Last Updated

കാഞ്ഞങ്ങാട്: ആറുമാസം മുമ്പ് തീരത്തടിഞ്ഞ കപ്പല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാമെന്ന ഉറപ്പ് റവന്യൂ അധികൃതര്‍ ലംഘിച്ചു. ഇതേതുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കപ്പലിന്റെയും കണ്ടെയ്‌നറുകളുടെയും അവശിഷ്ടങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും തൃക്കണ്ണാട് കടപ്പുറത്തുനിന്ന് നീക്കം ചെയ്തു.
ആറുമാസം മുമ്പാണ് മുംബൈ കടലില്‍ നിന്ന് തകര്‍ന്ന കപ്പലിന്റെയും മറ്റും അവശിഷ്ടങ്ങള്‍ ജില്ലയിലെ തീരദേശങ്ങളിലേക്ക് ഒഴുകിയെത്തിയത്. കാഞ്ഞങ്ങാട്ടേയും പള്ളിക്കര, തൃക്കണ്ണാട്, കാസര്‍കോട് ഭാഗങ്ങളിലേയും തീരദേശങ്ങളിലാണ് കപ്പല്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയത്. ഇതില്‍ ഏറെയും തൃക്കണ്ണാട് കടപ്പുറത്തായിരുന്നു എത്രയും വേഗം അവശിഷ്ടങ്ങ ള്‍ നീക്കം ചെയ്യാമെന്ന് റവന്യു അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നതിനാല്‍ പഞ്ചായത്ത് ഇക്കാര്യത്തില്‍ ആദ്യം നടപടിയൊന്നും കൈകൊണ്ടിരുന്നില്ല.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും റവന്യൂ അധികൃതര്‍ വാഗ്ദാനം പാലിക്കാതിരുന്ന സാഹചര്യത്തിലാണ് ഉദുമ ഗ്രാമപഞ്ചായത്ത് അധികൃതര്‍ തൃക്കണ്ണാട് കടപ്പുറത്ത്‌നിന്നും കപ്പല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ രംഗത്ത്‌വന്നത്.
പ്ലാസ്റ്റിക് ബാഗുകളും കണ്ടയ്‌നറുകളുടെ യന്ത്ര സാമഗ്രികളും അടക്കമുള്ള നിരവധി അവശിഷ്ടങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍, വൈസ് പ്രസിഡണ്ട് എ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ സഹായത്തോടെ നീക്കം ചെയ്തു. വലുതും ചെറുതുമായ അവശിഷ്ടങ്ങളാണ് ഇവിടെ നിന്ന് ശേഖരിച്ച് കൊണ്ടുപോയത്. വെളുത്തോളിയിലുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ അവശിഷ്ടങ്ങ ള്‍ സംസ്‌കരിക്കും. ഉദുമ, ചെമ്മനാട്, പള്ളിക്കര, അജാനൂര്‍ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ബിആര്‍ഡിസി യാണ് വെളുത്തോളിയില്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് തകരാറിലായതിനാല്‍ സംസ്‌കരിക്കാന്‍ ബുദ്ധിമുട്ടുണ്ടായതിനാലാണ് തകരാര്‍ പരിഹരിച്ച് ഇപ്പോള്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതെന്ന് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരിടീച്ചര്‍ പറഞ്ഞു. നേരത്തെ കുറച്ച് അവശിഷ്ടങ്ങള്‍ തൃക്കണ്ണാട് കടപ്പുറത്ത് നിന്നും നീക്കം ചെയ്തിരുന്നു.

 

Latest