Connect with us

Gulf

ദുബൈയില്‍ അനധികൃത നഴ്‌സറികള്‍ക്ക് 50, 000 ദിര്‍ഹം പിഴ

Published

|

Last Updated

ദുബൈ: അനധികൃത നഴ്‌സറികള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് സാമൂഹിക കാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നഴ്‌സറികളെയും സ്‌കൂളുകളെയും നിയന്ത്രിക്കുന്നതിനായി പുതുതായി രൂപം നല്‍കിയ നിയമത്തിലാണ് അനധികൃത നഴ്‌സറികളെയും പ്ലേ സ്‌കൂളുകളെയും നിയന്ത്രിക്കാന്‍ ആവശ്യമായ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ വിഭാഗം ഡയറക്ടര്‍ മൊസ സലിം അല്‍ ഷൂമി വ്യക്തമാക്കി.

പലരും മന്ത്രാലയത്തില്‍ നിന്നും അംഗീകാരം വാങ്ങാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ഇത് ആരോഗ്യകരമായ പ്രവണതയല്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറികളില്‍ കുട്ടികളെ വിടുന്നത് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ അപകടം വരുത്തിയേക്കും. ഇത്തരം സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുകൂലമായല്ല പ്രവര്‍ത്തിക്കുന്നത് എന്നത് വലിയ ഭീഷണിയാണ് സമൂഹത്തിന് സൃഷ്ടിക്കുന്നത്. ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് മതിയായ വിദ്യഭ്യാസമില്ല. ഇവയില്‍ ചില സ്ഥാപനങ്ങള്‍ക്കെതിരെ അവരുടെ മാതൃരാജ്യത്ത് ലൈംഗിക പീഡനം നടന്നത് ഉള്‍പ്പെയുള്ള ഭൂതകാല പഴിയുള്ള സ്ഥാപനങ്ങളും ദുബൈയില്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിക്കുകയും അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
മതിയായ നിലവാരം പുലര്‍ത്താത്ത നിരവധി ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ മന്ത്രാലയം അടച്ചു പൂട്ടിയിട്ടുണ്ട്. നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം മന്ത്രാലയത്തെ അറിയിക്കാനായി നാഷനല്‍ മീഡിയ കൗണ്‍സിലുമായി മന്ത്രാലയം ധാരയുണ്ടാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാനുള്ള ഉത്തരവാദിത്വവും കൗണ്‍സിലിനെ മന്ത്രാലയം ഏല്‍പ്പിച്ചിരിക്കയാണ്. മന്ത്രാല ഉദ്യോഗസ്ഥര്‍ 11 ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. വീടു കേന്ദ്രീകരിച്ച് നടത്തിയ നഴ്‌സറിയുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളെ യാതൊരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
10,000 മുതല്‍ 50,000 ദിര്‍ഹം വരെയാവും പിഴ ചുമത്തുക. ഈ വര്‍ഷം ജൂണ്‍ മുതലാവും നിയമലംഘര്‍ക്കെതിരെ കനത്ത പിഴ ചുമത്തുക. ഇതിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട നഴ്‌സറികള്‍, പ്ലേ സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവക്ക് നിയമം ബാധകമായിരിക്കും. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന നഴ്‌സറി ഉള്‍പ്പെടെയുള്ളവക്കെതിരായി നിരന്തരം പരാതി ലഭിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിദ്യഭ്യാസവും പരിശീലനവും നല്‍കുന്നവയാണ് നടപടിക്ക് വിധേയമായ സ്ഥാപനങ്ങള്‍. മതിയായ യോഗ്യതയുള്ള അധ്യാപകര്‍ക്കൊപ്പം ആരോഗ്യകരമായ പഠന ചുറ്റുപാടുകളും കുട്ടികള്‍ക്കായി ഒരുക്കേണ്ടിയിരിക്കുന്നുവെന്നും അല്‍ ഷൂമി ഓര്‍മിപ്പിച്ചു.

Latest