Connect with us

Malappuram

കളിപ്രേമികള്‍ക്ക് ആവേശമായി തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം

Published

|

Last Updated

തിരൂര്‍: ഇന്നലെ നിയമസഭയില്‍ ധനവകുപ്പ് മന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റില്‍ തിരൂരിലെ രാജീവ്ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് 20 ലക്ഷം രൂപ വകയിരുത്തിയത് കളിപ്രേമികള്‍ക്ക് ആവേശമായി. എങ്കിലും കേവലം 20 ലക്ഷം കൊണ്ട് സ്റ്റേഡിയം നിര്‍മാണം എവിടെയെത്തുമെന്ന ചോദ്യം ബാക്കിയാണ്.
വര്‍ഷങ്ങളായി അധികൃതരുടെ അനാസ്ഥമൂലമാണ് തിരൂരിലെ സ്റ്റേഡിയം എങ്ങുമെത്താത്തത്. പലപ്പോഴും പ്രദേശത്തുള്ള കളിപ്രേമികള്‍ ഇത് സംബന്ധിച്ച നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ടവര്‍ക്ക് നല്‍കാറുണ്ടെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടാകാറില്ല. നഗരത്തിലെ സുപ്രധാന റോഡിനരികെയുള്ള സ്‌റ്റേഡിയത്തിന്റെ മുന്‍ഭാഗത്ത് ഷോപ്പിംഗ് കോംപഌക്‌സുകളോ കടമുറികളോ നിര്‍മിച്ച് നഗരസഭക്ക് വരുമാനം ഉണ്ടാക്കാനും അത് വഴി സ്‌റ്റേഡിയത്തിന്റെ നവീകരണം നടപ്പിലാക്കാനും കഴിയുമെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ ഇതൊന്നും ചെവിക്കൊണ്ടിട്ടില്ല. ഏതായാലും പ്രാരംഭപ്രവൃത്തികള്‍ക്കായി 20 ലക്ഷം വകയിരുത്തിയതോടെ സ്റ്റേഡിയം യാഥാര്‍ഥ്യത്തോടടുക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
തിരൂരിന്റെ ചിരകാലഭിലാഷമായ രാജീവ്ഗാന്ധി സ്റ്റേഡിയം ഗ്രൗണ്ടിന് സ്വപ്ന സാക്ഷാത്കാരം ഈ ബജറ്റില്‍ പ്രഖ്യാപിക്കുക വഴി സാധ്യമാരിക്കുകയാണെന്ന് സി മമ്മുട്ടി എം എല്‍ എ പറഞ്ഞു. ആദ്യ ബജറ്റില്‍ തന്നെ മലയാളം സര്‍വകലാശാലയും രണ്ടാമത്തെ ബജറ്റില്‍ കുടവെള്ള പദ്ധതിക്ക് മണ്ഡലത്തിലെ അവശേഷിക്കുന്ന മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പാക്കുന്നതിന് വേണ്ടി 55 കോടി രൂപയും തിരൂര്‍ മുനിസിപ്പാലിറ്റിയിലെ പഴയ പൈപ്പ് ലൈന്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് 20 കോടി രൂപ അനുവദിക്കുകയും ടെന്‍ഡര്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ ആരോഗ്യ മേഖലക്ക് ആവശ്യമായ തുകയും ഇതിനകം തന്നെ ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്. മൊത്തം 325 കോടിയോളം രൂപ വരുന്ന പദ്ധതികളാണ് ഇതിനകം ആവിഷ്‌ക്കരിച്ച് നടപ്പാക്കികൊണ്ടിരിക്കുന്നത്.
പുതിയ റെയില്‍വേ ഓവര്‍ ബ്രിഡ്ജിനും നിലവിലുള്ളത് വീതി കൂട്ടാനും മണ്ഡലത്തിലെ മുഴുവന്‍ റോഡുകള്‍ റബ്ബറൈസ് ചെയ്യുന്നതിനും നടപടി സ്വീകരിച്ച് ടെന്‍ഡര്‍ ചെയ്യുകയും ഭൂരിഭാഗം പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇന്നത്തെ ബജറ്റില്‍ സ്റ്റേഡിയം ഗ്രൗണ്ടിന് പ്രാരംഭ നടപടികള്‍ക്കായി 20 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതോടെ പരിഹാരം കാണാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് സി മമ്മുട്ടി എം എല്‍ എ അറിയിച്ചു.

Latest