സ്‌കൂള്‍ കലോത്സവം; വിളമ്പല്‍ ജോലി പോലീസ് ‘കസ്റ്റഡി’യില്‍

Posted on: January 25, 2014 12:03 pm | Last updated: January 25, 2014 at 12:06 pm

പാലക്കാട്: അരുചികരമായ വിവരം വിളിച്ചറിയിക്കാനല്ല രുചി ”100” മേനിയിലും വിളമ്പി സത്കരിക്കാനും തങ്ങള്‍ പിന്നിലല്ലെന്ന് പാലക്കാട് പോലീസ് കലോത്സവ ഊട്ടുപുരയില്‍ തെളിയിച്ചു. വെളളിയാഴ്ച ഊട്ടുപുരയില്‍ നിറഞ്ഞു നിന്നത് പോലീസ് സംഘമായിരുന്നു. കലോത്സവ ചരിത്രത്തില്‍ ആദ്യമായാണ് പോലീസുകാരുടെ വിളമ്പല്‍ സംഘമെത്തുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം വരെ വിളമ്പല്‍ ജോലി ഇവരുടെ ‘കസ്റ്റഡി’യിലായിരുന്നു. ജില്ലാ പോലീസ്, മലബാര്‍ സ്‌പെഷ്യല്‍ പോലീസ്, സായുധപോലീസ് രണ്ടാം ബറ്റാലിയന്‍, വനിതാ പോലീസ് എന്നിവരുള്‍പ്പെടെ ഇരുന്നൂറോളം പോലീസുകാരാണ് ഊട്ടുപുരയില്‍ രുചി പകര്‍ന്നു നല്‍കാനുണ്ടായിരുന്നത്. പോലീസ് അസോസിയേഷന്‍ ഭാരവാഹികളും അമ്പതോളം സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും ഇവര്‍ക്ക് സഹായവുമായി സ്ഥലത്തുണ്ടായിരുന്നു. സംഘത്തിന്റെ പ്രകടനത്തിന് ആതിഥ്യത്തിന്റെ ‘എ’ ഗ്രേഡ് തൃപ്തിയുമായാണ് ഭക്ഷണം കഴിച്ചു മടങ്ങിയത്. പാലക്കാട് എസ് പി ജി സോമശേഖറിന്റെ ആശയമായിരുന്നു പോലീസ് സേനയെ ഊട്ടുപുരയില്‍ നിയോഗിക്കുക എന്നത്. എസ് പി ഇക്കാര്യം ഭക്ഷണകമ്മിറ്റിയെ അറിയിച്ചപ്പോള്‍ അവര്‍ക്കും നൂറ് വട്ടം സമ്മതമായിരുന്നു. തുടര്‍ന്നാണ് ഭക്ഷണവിതരണം പോലീസ് സംഘം ഏറ്റെടുത്തത്. ഡി വൈ എസ് പി, സി ഐ, എസ് ഐ., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ തുടങ്ങി എല്ലാ വിഭാഗത്തിലുളള പോലീസ് ഓഫീസര്‍മാരും ഇതില്‍ പങ്കെടുത്തു.