Connect with us

Ongoing News

ഫെഡറേഷന്‍ കപ്പ് ഫൈനല്‍ ഇന്ന്‌

Published

|

Last Updated

FEDERATION CUPകൊച്ചി: ഫെഡറേഷന്‍ കപ്പില്‍ ഗോവന്‍ ശക്തികളുടെ കിരീടപ്പോരാട്ടം ഇന്ന്. ചര്‍ച്ചില്‍ ബ്രദേഴ്‌സും സ്‌പോര്‍ട്ടിംഗ് ക്ലബും തമ്മില്‍ രാത്രി 7ന് നേര്‍ക്കുനേര്‍. ആര് ജയിച്ചാലും ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പുതിയ കിരീടാവകാശിയെ കാണാം.
കരുത്തുറ്റ മുന്നേറ്റനിരയാണ് ചര്‍ച്ചിലിന്റെ കരുത്ത്. അബ്ദള്‍ ഹമീദ് ഷബാനയും ബല്‍വന്ത് സിംഗും ആന്റണി വോള്‍ഫുമാണ് ചര്‍ച്ചില്‍ ആക്രമണനിരയിലെ കുന്തമുനകള്‍. ഗ്രൂപ്പ് മത്സരങ്ങളിലും സെമിയിലുമായി ചര്‍ച്ചില്‍ നേടിയ 9 ഗോളുകളില്‍ എട്ടെണ്ണവും നേടിയത് ഈ ത്രിമൂര്‍ത്തികളാണ്. ഷബാനയും ആന്റണി വോള്‍ഫും മൂന്നു വീതം ഗോളുകള്‍ നേടിയപ്പോള്‍ ബല്‍വന്ത് സിംഗ് രണ്ടെണ്ണം നേടി. വിംഗുകളിലൂടെ എതിര്‍ പ്രതിരോധത്തെ കിറീമുറിച്ച് കുതിക്കുന്ന ബല്‍വന്തിനെയും സ്‌ട്രൈക്കര്‍മാരായ ഷബാനയെയും വോള്‍ഫ്‌സിനെയും തടഞ്ഞുനിര്‍ത്തുക എന്നതാണ് സ്‌പോര്‍ട്ടിംഗിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ബാറിന് കീഴില്‍ ചോരാത്ത കൈകളുമായി നിലയുറപ്പിക്കുന്ന ലളിത് ഥാപ്പയും കൂടി ഇറങ്ങുന്നതോടെ എതിരാളികള്‍ക്ക് വല ചലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും.
ഫൈനലിന് മുമ്പുള്ള ഫൈനലായി മാറിയ രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ ഡെംപോയെ തകര്‍ത്താണ് സ്‌പോര്‍ട്ടിംഗ് ക്ലബ് ആറുവര്‍ഷത്തെ ഇടവേളക്കുശേഷം കലാശക്കളിക്ക് യോഗ്യത നേടിയത്. സ്‌ട്രൈക്കര്‍മാരായ ലൈബീരിയക്കാരന്‍ ബൊയ്മ കര്‍ഫേയും ഇന്ത്യന്‍ താരം വിക്ടോറിനോ ഫെര്‍ണാണ്ടസും സ്പാനിഷ് താരം അര്‍ട്ടുറോ നവാരോയും മധ്യനിരയിലെ ബീവന്‍ ഡി മെല്ലോയും നൈജീരിയന്‍ താരം ഒഗ്ബ കാലുവുമാണ് സ്‌പോര്‍ട്ടിംഗിന്റെ കരുത്ത്.
ചര്‍ച്ചിലിനെ അപേക്ഷിച്ച് സ്‌പോര്‍ട്ടിംഗ് പ്രതിരോധ നിരക്ക് കെട്ടുറപ്പ് കുറവാണ്. സ്‌പെയിന്‍കാരനായ കോച്ച് ഓസ്‌കര്‍ ബ്രൂസോണിനെ അലട്ടുന്ന ഏക പ്രശ്‌നവും അതുതന്നൊയാണ്. അവസാനമായി ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും വിജയം ചര്‍ച്ചിലിനൊപ്പം നിന്നപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ് സ്‌പോര്‍ട്ടിംഗിന് വിജയിക്കാന്‍ കഴിഞ്ഞത്. ഒരെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു. കഴിഞ്ഞ നവംബര്‍ 28ന് ഐ ലീഗിലായിരുന്നു ഇരുടീമുകളും അവസാനം മുഖാമുഖം വന്നത്. ഇതില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചര്‍ച്ചില്‍ വിജയം സ്വന്തമാക്കി.
ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഫൈനലില്‍ പ്രവേശിക്കുന്നതെങ്കില്‍ സ്‌പോര്‍ട്ടിംഗിനിത് മൂന്നാം ഉൗഴമാണ്. 2005, 06 വര്‍ഷങ്ങളിലാണ് സ്‌പോര്‍ട്ടിംഗ് ഇതിന് മുമ്പ് ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍ അന്ന് യഥാക്രമം മഹീന്ദ്ര യുണൈറ്റഡിനോടും മോഹന്‍ബഗാനോടും പരാജയപ്പെടാനായിരുന്നു അവരുടെ വിധി. ഐ ലീഗില്‍ കിരീട പോരാട്ടത്തില്‍ നിന്നും പിന്തള്ളപ്പെട്ട ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഫെഡറേഷന്‍ കപ്പ് കിരീടമെങ്കിലും സ്വന്തമാക്കി അഭിമാനം വീണ്ടെടുക്കാനായിരിക്കും ഇന്ന് കലാശപ്പോരിനിറങ്ങുക. അതേസമയം ഐ ലീഗില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സ്‌പോര്‍ട്ടിംഗ് മൂന്നാമൂഴത്തിലെങ്കിലും കന്നി ഫെഡറേഷന്‍ കപ്പ് കിരീടം നേടാനുള്ള ലക്ഷ്യത്തോടെയാണ് ഇന്ന് ഇറങ്ങുന്നത്.
അതേസമയം മലബാറില്‍ നിന്നുള്ളവര്‍ ഇന്നും കളികണാന്‍ എത്തിയില്ലെങ്കില്‍ ഫൈനല്‍ പോരാട്ടവും ഒഴിഞ്ഞ ഗാലറിക്കു മുന്നിലാകുമെന്ന് സംഘാടകര്‍ ഭയപ്പെടുന്നു. പതിനയ്യായിരം പേരെങ്കിലും പ്രതീക്ഷിച്ചിരുന്ന സെമിഫൈനല്‍ മത്സരം കാണാന്‍ രണ്ടായിരത്തോളം പേര്‍ മാത്രമാണ് എത്തിയത്.
സെമിഫൈനല്‍ മത്സരത്തിന് മഞ്ചേരിയെ പരിഗണിക്കാത്തതിലുള്ള മലബാറുകരാടുടെ പ്രതിഷേധമാണ് കാണികള്‍ കുറയാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മുമ്പ് കൊച്ചിയില്‍ മത്സരങ്ങള്‍ നടന്നപ്പോഴെല്ലാം മലബാറിന്റെ സാന്നിദ്ധ്യമായിരുന്ന ഗാലറിയെ സമ്പന്നമാക്കിയത്. കൊച്ചിയിലും മഞ്ചേരിയിലുമായി നടന്ന ഫെഡറേഷന്‍ കപ്പ് ലീഗ് മത്സരങ്ങള്‍ തെളിവാണ്. മഞ്ചേരിയില്‍ നടന്ന ഗ്രൂപ്പ് മത്സരങ്ങള്‍ മുഴുവനും നിറഞ്ഞ ഗാലറിയെ സാക്ഷിനിര്‍ത്തിയാണ് നടന്നത്. 50 ലക്ഷത്തോളം രൂപ ഇവിടെ നിന്നും ടിക്കറ്റിനത്തില്‍ പിരിഞ്ഞുകിട്ടിയപ്പോള്‍ അതിന്റെ പത്തിലൊന്ന് ഭാഗവും കൊച്ചിയില്‍ നിന്നും ലഭിച്ചില്ലെന്നാണ് വിവരം.

Latest